വ്യാധിയും ആധിയും

“ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നു മാദ്ധ്യമങ്ങളും സര്‍ക്കാരുകളും
കേരള ഗവണ്‍മെന്‍റിനെ അഭിനന്ദിക്കുകയുണ്ടായി.
പക്ഷേ ഇവിടത്തെ പ്രതിപക്ഷം മുഖ്യമന്ത്രിയെ
വിമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്തു.
തികച്ചും ഔചിത്യ രഹിതമായ പ്രവൃത്തിയായിപ്പോയി അത്.”

ആധി അധികരിച്ചാല്‍ വ്യാധിയായി മാറുമെന്നു ചൊല്ലുണ്ട്. ഇപ്പോള്‍ ലോകമെങ്ങും കൊറോണയെന്ന മഹാമാരിയെക്കുറിച്ചുള്ള ആധിയാണ്. ലക്ഷക്കണക്കിന് രോഗികള്‍ വൈറസിന്‍റെ പിടിയില്‍ അമര്‍ന്നിരിക്കുന്നു. പതിനായിരക്കണക്കിന് രോഗികള്‍ മരിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ രണ്ടായിരത്തിലധികം പേര്‍ മരിച്ചു കഴിഞ്ഞു. മൂന്നു പ്രാവശ്യം ലോക്ക് ഡൗണ്‍ കഴിഞ്ഞിട്ടും രോഗവ്യാപനം പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടില്ല. കേരളത്തില്‍ സ്ഥിതി താരതമ്യേന ഭേദമാണ്. പുറത്തു നിന്നു രോഗികള്‍ വരികയും അവരുടെ സമ്പര്‍ക്കത്തില്‍ ഇവിടെയുള്ളവര്‍ ഏര്‍പ്പെടുകയും ചെയ്തപ്പോഴാണ് രോഗം പടര്‍ന്നത്. തുടക്കം മുതല്‍ത്തന്നെ ഇടതുപക്ഷ ഗവണ്‍മെന്‍റ് കാര്യക്ഷമമായ മുന്‍കരുതലുകള്‍ എടുത്തു. മുഖ്യമന്ത്രി ദിവസേന പത്രസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. സാധാരണ ഗതിയില്‍ ഒരു ജോയിന്‍റ് സെക്രട്ടറിയെ കൊണ്ടു ചെയ്യിക്കാവുന്ന കാര്യങ്ങളായിരുന്നു അതില്‍ കൂടുതലും. എങ്കിലും തന്‍റെ ഉത്കണ്ഠ വ്യക്തമാക്കിക്കൊണ്ടു സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നു മാദ്ധ്യമങ്ങളും സര്‍ക്കാരുകളും കേരള ഗവണ്‍മെന്‍റിനെ അഭിനന്ദിക്കുകയുണ്ടായി. പക്ഷേ ഇവിടത്തെ പ്രതിപക്ഷം മുഖ്യമന്ത്രിയെ വിമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്തു. തികച്ചും ഔചിത്യ രഹിതമായ പ്രവൃത്തിയായിപ്പോയി അത്.

മുഖ്യമന്ത്രി പിണറായി വിജയന്‍

ചൈനയിലെ വൂഹാന്‍ മാംസചന്തയില്‍ നിന്നാണ് ഈ വൈറസ് പരന്നതു എന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അവിടുത്തെ ചന്തയില്‍ വച്ചിരുന്ന Pangolin എന്ന മൃഗത്തിന്‍റെ മാംസമാണത്രെ വൈറസിന്‍റെ പ്രഭവം. ചില ചൈനക്കാര്‍ക്ക് ഇതിന്‍റെ മാംസം പ്രിയംകരമത്രെ. നമ്മുടെ ചില മാര്‍ക്കറ്റുകളില്‍ അഴുകിയ മീനും മാംസവും വില്പനയ്ക്കു വയ്ക്കാറുള്ളതു പോലെ അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ വൂഹാനില്‍ ചില മാര്‍ക്കറ്റുകളില്‍ ഈ ജന്തുവിന്‍റെയും മാംസം വിറ്റിരിക്കാം. മലയാളത്തില്‍ ഈ ജന്തുവിന്‍റെ പേരു ഈനാംപേച്ചിയെന്നാണ് പറയുന്നത്. വൂഹാനില്‍ രോഗം പെട്ടെന്നു ജനങ്ങളുടെയിടയില്‍ പടര്‍ന്നു പിടിച്ചു. അവിടെയുണ്ടായിരുന്ന കുറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും ഇതു ബാധിച്ചു. അവര്‍ ഇന്ത്യയിലേയ്ക്ക് മടങ്ങിയപ്പോള്‍ മുതലാണ് നമ്മുടെ രാജ്യത്തു ഇതൊരു മഹാമാരിയായിത്തീര്‍ന്നത്.
വൂഹാനിലെ പരീക്ഷണശാലയില്‍ നിര്‍മ്മിച്ചതാണ് ഈ വൈറസ് എന്നു ഡൊണാള്‍ഡ് ട്രംപും ചൈനാ വിരോധം ശീലമാക്കിയ മറ്റു ചിലരും ആരോപിച്ചു. വൂഹാനിലെ പരീക്ഷണശാല ഫ്രാന്‍സിന്‍റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഒന്നാണ് എന്ന വാര്‍ത്ത വന്നപ്പോള്‍ ഈ ആരോപണം ദുര്‍ബലമായി.

മഹാമാരി ചൈനയില്‍ കൂടുതല്‍ വ്യാപിക്കാതെ പ്രതിരോധിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. പക്ഷേ, ഇന്ത്യയിലും യൂറോപ്പിലും അമേരിക്കയിലും മഹാമാരി അതിരൂക്ഷമായി വ്യാപിച്ചു. ഇറ്റലി, സ്പെയിന്‍, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ എന്നിവിടങ്ങളിലെല്ലാം ആയിരക്കണക്കിന് ജനങ്ങള്‍ രോഗത്തിനിരയായി മരിച്ചു. ഈ രാജ്യങ്ങളിലെ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ക്കു വന്‍തോതിലുള്ള വ്യാപനം തടയാന്‍ കഴിഞ്ഞിട്ടില്ല. നേരെ മറിച്ചു ക്യൂബയില്‍ തുടക്കത്തില്‍ത്തന്നെ ഗവണ്‍മെന്‍റ് എടുത്ത നടപടികള്‍കൊണ്ടു രോഗം പടര്‍ന്നു പിടിക്കാതെ പ്രതിരോധിക്കാന്‍ കഴിഞ്ഞു. മാത്രമല്ല, ക്യൂബയില്‍ നിന്നും ആരോഗ്യവിദഗ്ധര്‍ ഇറ്റലിയില്‍ പോയി അവിടത്തെ രോഗവ്യാപനം പ്രതിരോധിക്കുന്നതില്‍ സഹകരിച്ചു എന്ന വാര്‍ത്തയുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ക്യൂബയിലെ ആരോഗ്യ രക്ഷാ സംവിധാനം അനുകരണീയമാണെന്നു നിഷ്പക്ഷമതികള്‍ വിലമതിച്ചിട്ടുണ്ട്. അവരില്‍ നിന്നും കേരളത്തിലെ പൊതുജനാരോഗ്യ വിദഗ്ധര്‍ക്ക് വളരെയേറെ പഠിക്കാനുണ്ട്. അതിനുള്ള അവസരങ്ങള്‍ കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്‍റ് അവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കേണ്ട കാര്യം ആലോചിക്കണം.

ക്യൂബയില്‍ നിന്നും ആരോഗ്യവിദഗ്ധര്‍
ഇറ്റലിയില്‍ പോയി അവിടത്തെ രോഗവ്യാപനം.
പ്രതിരോധിക്കുന്നതില്‍ സഹകരിച്ചു എന്ന വാര്‍ത്തയുണ്ടായിരുന്നു.
യഥാര്‍ത്ഥത്തില്‍ ക്യൂബയിലെ ആരോഗ്യ രക്ഷാ സംവിധാനം
അനുകരണീയമാണെന്നു നിഷ്പക്ഷമതികള്‍ വിലമതിച്ചിട്ടുണ്ട്.

വൈറസ് വ്യാപിക്കുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ ഓരോരുത്തരും വിചാരിച്ചു കാണും; ഇതുമറ്റുള്ളവരെ പിടിക്കും; എന്നെ പിടിക്കുകയില്ല. മഹാഭാരതത്തില്‍ യക്ഷപ്രശ്ന സന്ദര്‍ഭത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ആശ്ചര്യം എന്താണ് എന്ന യക്ഷന്‍റെ ചോദ്യത്തിനു യുധിഷ്ഠിരന്‍ പറഞ്ഞ മറുപടിയുണ്ടല്ലോ:
“അഹന്യഹനി ഭൂതാനി പ്രവിശന്തിയമാലയം
ശേഷാ: സ്ഥാവരമിച്ഛന്തി
കിമാശ്ചര്യമിത: പരം” (ഓരോ ദിവസവും ജീവികള്‍ മരിച്ചുകൊണ്ടിരിക്കുന്നു; ശേഷിച്ചവര്‍ തങ്ങള്‍ മരിക്കുകയില്ല എന്നു വിചാരിക്കുന്നു. ഇതിനെക്കാള്‍ ആശ്ചര്യമായി എന്തുണ്ട്?) വെറും വൈറസ് കൊണ്ടു മരിക്കേണ്ടവനാണോ ഞാന്‍ – ഹൃദയസ്തംഭനം, പക്ഷാഘാതം, കാന്‍സര്‍ അങ്ങനെ എന്തെല്ലാം വ്യാധികളുണ്ട്. വെറും വൈറസിന് ഞാന്‍ കീഴ്പ്പെടുകയോ? മുപ്പതിനായിരം കൊറോണ വൈറസ് ഒരു മില്ലി മീറ്റര്‍ ചതുരശ്രത്തില്‍ ഒതുങ്ങുമത്രെ!

ആരോഗ്യമന്ത്രി ഷൈലജ കൊറോണ പ്രതിരോധം സംബന്ധിച്ച ചർച്ചയിൽ

‘ഭീതി വേണ്ട; ജാഗ്രത വേണം’ എന്നാണ് പുതിയ മുദ്രാവാക്യം. അന്യനാടുകളില്‍ കഴിയുന്ന അംഗങ്ങള്‍ ഉള്ള എത്രയോ കുടുംബങ്ങള്‍ കേരളത്തിലുണ്ട്. അവരുടെ മനസ്സില്‍ ഉദ്വോഗം തോന്നുക സാധാരണമാണ്. കൈ സോപ്പിട്ടു കഴുകിയും കണ്ണും മൂക്കും വായും തൊടാതെയും കഴിഞ്ഞാല്‍ ജാഗ്രതയായി. സാമൂഹ്യ അകലം ബാധിക്കണമെന്ന നിര്‍ദ്ദേശം ആരാധനാലയങ്ങളെ ജനശൂന്യമാക്കി. പൂരം പോലും വേണ്ടെന്നു വയ്ക്കാന്‍ ജനങ്ങള്‍ തയ്യാറായി. പക്ഷേ ശത്രു ഏതു വഴിയില്‍ കൂടി വരികയാണു എന്നു അറിയാന്‍ പാടില്ലാത്തിടത്തോളം ജാഗ്രതയുടെ കാര്യക്ഷമതയ്ക്കു പരിമിതികളുണ്ട്.
പണ്ട് ക്ഷാമവും മഹാമാരിയും സംഭവിച്ചാല്‍ ആ സമൂഹത്തില്‍ അധികാരികള്‍ പാപകൃത്യങ്ങള്‍ ചെയ്തതു കൊണ്ടാണെന്നു വിശ്വാസമുണ്ടായിരുന്നു. ചന്ദ്രഗുപ്തമൗര്യന്‍ വിശാലമായ സാമ്രാജ്യം കെട്ടിപ്പടുത്തു ചക്രവര്‍ത്തിയായി ഭരിക്കുമ്പോള്‍ വന്‍ക്ഷാമം ഉണ്ടാകുമെന്നു പ്രവചനമുണ്ടായത്രെ. സാമ്രാജ്യമുണ്ടാക്കാന്‍ എന്തെല്ലാം പാപകൃത്യങ്ങള്‍ താന്‍ ചെയ്തുകാണുമെന്നു അദ്ദേഹത്തിനു കുറ്റബോധം തോന്നി. അദ്ദേഹം ചക്രവര്‍ത്തി സ്ഥാനം ഉപേക്ഷിച്ചു. ജൈനമതം സ്വീകരിച്ചു കര്‍ണാടകത്തില്‍ വന്നു ചന്ദ്രഗിരിക്കു സമീപം ജീവിച്ചിരുന്നു എന്നും അവസാനം പ്രായോപവേശം എന്ന മാര്‍ഗ്ഗം സ്വീകരിച്ചു മരിച്ചു എന്നും കഥയുണ്ട്.

ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്നവര്‍ ജെഫ്രി ചോസര്‍ (1340-1400) എന്ന പേരു കേട്ടുകാണും. അദ്ദേഹത്തിന്‍റെ ജീവിത കാലത്തു ഇംഗ്ലണ്ടിലും യൂറോപ്പിലും പ്ലേഗ് എന്ന മഹാമാരി വ്യാപിച്ചിരുന്നു. യൂറോപ്പിലെ ജനസംഖ്യയില്‍ മൂന്നിലൊന്നുപേര്‍ പ്ലേഗിനിരയായി മരിച്ചുപോയിരുന്നു. വിദേശങ്ങളില്‍ നിന്നു കപ്പല്‍ മാര്‍ഗ്ഗം എത്തുന്നവരെ കരയില്‍ കയറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല. നാല്പതു ദിവസം അവര്‍ കപ്പലില്‍ത്തന്നെ കഴിയണമായിരുന്നു. അങ്ങനെയാണ് ക്വാറന്‍ടൈന്‍ എന്ന വാക്കു ഉണ്ടായത്. ക്വാറന്‍ടൈന്‍ എന്നു വച്ചാല്‍ നാല്പതു ദിവസം എന്നു അക്ഷരാര്‍ത്ഥം.
13-ാം നൂറ്റാണ്ടിലെ ഈ പ്ലേഗിനെ Black death എന്നു ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ ബൊക്കാച്ചോ എന്ന സാഹിത്യകാരന്‍ ഡെക്കാമറോണ്‍ എന്ന ക്ലാസിക് കൃതി രചിച്ചു. ഫ്ളോറന്‍സ് നഗരത്തില്‍ പ്ലേഗ് പടര്‍ന്നു പിടിച്ചപ്പോള്‍ ഏഴു യുവതികളും മൂന്നു യുവാക്കന്മാരും നഗരം ഉപേക്ഷിച്ചു ഒരു ഗ്രാമീണ വസതിയില്‍ അഭയം പ്രാപിച്ചു. നേരം പോക്കാന്‍ വേണ്ടി അവര്‍ ഓരോരുത്തരും ഒരു ദിവസം ഒരു കഥ വീതം പറയാന്‍ തീരുമാനിച്ചു. അങ്ങനെ നൂറോളം കഥകളുടെ സമാഹാരമാണിത്. ഡെക്കാമറോണ്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം പത്തു ദിവസം എന്നു തന്നെ. അക്കാലത്തു പ്ലേഗിന്‍റെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ചു ശാസ്ത്രീയമായ അറിവൊന്നുമില്ലായിരുന്നു. പാരീസ് സര്‍വ്വകലാശാലയിലെ പണ്ഡിതന്മാരെല്ലാം ഗവേഷണവും സെമിനാറുകളും നടത്തി കണ്ടുപിടിച്ചത് ഗ്രഹങ്ങളുടെ കോപം കൊണ്ടായിരിക്കാം എന്നാണ്!

കേന്ദ്ര ആരോഗ്യമന്ത്രി

വിശ്വസാഹിത്യ ചരിത്രത്തില്‍ പ്ലേഗ് ആദ്യമായി പ്രത്യക്ഷപ്പെടുന്നതു സോഫോക്ലീസിന്‍റെ “ഈഡിപ്പസ് രാജാവി”ലാണ്. (അച്ഛനാണെന്നറിയാതെ) അച്ഛനെ വധിച്ചിട്ടു (അമ്മയാണെന്നറിയാതെ) അമ്മയെ വിവാഹം ചെയ്തു സന്തതി ഉല്പാദിപ്പിക്കുന്ന ഈഡിപ്പസിന്‍റെ കഥയാണല്ലോ ആ നാടകത്തിലുള്ളത്. നാടകത്തിന്‍റെ ആരംഭത്തില്‍ത്തന്നെ പ്ലേഗിനെക്കുറിച്ചു പരാമര്‍ശമുണ്ട്. പ്ലേഗ് തീബ്സില്‍ വന്‍നാശങ്ങള്‍ വിതച്ചു കൊണ്ടിരിക്കുകയാണ്. പാടങ്ങളില്‍ വിള നശിക്കുന്നു. മൃഗങ്ങള്‍ ചത്തു വീഴുന്നു. ജനിക്കുന്നതെല്ലാം ചാപിള്ളകള്‍, പനി പിടിച്ചു മനുഷ്യര്‍ മരിക്കുന്നു. ഇതിനൊരു പരിഹാരം കാണാന്‍ ഈഡിപ്പസിനും താല്പര്യമുണ്ട്. തീബ്സിലെ അന്ധനായ പ്രവാചകനെ വിളിച്ചുവരുത്തി പ്ലേഗിന്‍റെ കാരണം ആരായുന്നു. മടിച്ചുമടിച്ചെങ്കിലും ഒരു മഹാപാപിയായ ഘാതകന്‍ തീബ്സിലുണ്ടെന്നും അയാളാണ് ഇതിനു കാരണം എന്നും അയാള്‍ പറഞ്ഞു. അതാരാണ് എന്നറിയാനുള്ള ഈഡിപ്പസിന്‍റെ ശ്രമം അവസാനം സത്യം തെളിയിച്ചു. താന്‍ തന്നെയാണത് എന്നറിഞ്ഞപ്പോള്‍ ഈഡിപ്പസ് സ്വയം രണ്ടുകണ്ണുകളും ചൂഴ്ന്നെടുത്തു കൊണ്ടു നാടുവിട്ടു പോകുന്നു. പാശ്ചാത്യ സാഹിത്യത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള നാടകമാണിത്. ആധുനിക മനഃശാസ്ത്രത്തില്‍ വിപ്ലവത്തിനു നേതൃത്വം കൊടുത്ത സിഗ്മുണ്ട് ഫ്രോയിഡിന്‍റെ ‘ഈഡിപ്പസ് കോംപ്ലെക്സ്’ എന്ന സിദ്ധാന്തം ആവിഷ്കരിച്ചത് ഈ കഥയെ അവലംബിച്ചാണ്.

ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡാനിയല്‍ ഡീഫോ A journal of the plague year എന്നൊരു പുസ്തകം രചിച്ചിട്ടുണ്ട്. 1665 ല്‍ ലണ്ടനില്‍ വ്യാപിച്ച പ്ലേഗിന്‍റെ വിവരണമാണത്. ചാര്‍ത്സ് ഡിക്കന്‍സിന്‍റെ Black House എന്ന നോവല്‍ പ്ലേഗിന്‍റെ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവലാണ്. ഇരുപതാം നൂറ്റാണ്ടില്‍ ഫ്രഞ്ചു അസ്തിത്വവാദിയായ ആല്‍ബേര്‍ കമ്യു എഴുതിയ പ്ലേഗ് ലോക പ്രസിദ്ധമായതു നമുക്കറിയാം. അള്‍ജീരിയയില്‍ ഒറാന്‍ എന്ന നഗരം പ്ലേഗിനെ എങ്ങനെ നേരിടുന്നു എന്നതാണ് നോവലിന്‍റെ കേന്ദ്ര പ്രമേയം. ഹിറ്റ്ലര്‍ യൂറോപ്പിനെ കീഴടക്കിയതിനെ കുറിച്ചുള്ള അന്യാപദേശ (allegory) കഥയായി പല വിമര്‍ശകരും ഇതിനെ കാണുന്നു. (യൂറോപ്യന്‍ സാഹിത്യത്തില്‍ മഹാമാരിയെ കുറിച്ചുള്ള ശ്രേഷ്ഠ കൃതികളുടെ വിശകലനത്തില്‍ താല്പര്യമുള്ളവര്‍ക്കു വായിക്കാന്‍ ഈ കൃതി ശുപാര്‍ശ ചെയ്യുന്നു: Arnold Weinstein, A Scream Through The House, Randsom House, 2004)

ക്യൂബൻ ഡോക്ടർമാർ ഇറ്റലിയിൽ കൊവിഡ് പ്രതിരോധത്തിന് തയ്യാറെടുക്കുന്നു (ഫോട്ടോ കടപ്പാട് എ എഫ് പി)

കൊറോണ വൈറസ് ലക്ഷക്കണക്കിനു മനുഷ്യരെ ബാധിച്ചു കഴിഞ്ഞു. ഇനി എത്ര ലക്ഷങ്ങള്‍ ഇതിനു കീഴ്‌പ്പെടുമെന്നു ആര്‍ക്കും പ്രവചിക്കാന്‍ സാദ്ധ്യമല്ല. ലോകാരോഗ്യ സംഘടനയ്ക്കു ഇതിനൊരു പ്രതിവിധി കണ്ടുപിടിക്കാന്‍ കഴിയേണ്ടതായിരുന്നു. വിനാശകാരികളായ യുദ്ധവിമാനങ്ങളും മിസൈലുകളും ഹെലികോപ്റ്ററുകളും അന്തര്‍വാഹിനികളും നിര്‍മ്മിക്കുന്നതിന്‍റെ ഒരംശം ഈ വൈറസിനു വാക്സിന്‍ കണ്ടുപിടിക്കുന്ന പരീക്ഷണങ്ങള്‍ക്കു ചെലവാക്കിയിരുന്നെങ്കില്‍ ഒരു പക്ഷേ അതില്‍ ശാസ്ത്രജ്ഞന്മാർ വിജയിക്കുമായിരുന്നു.

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അദ്ദേഹത്തിന്‍റെ പദവിയുടെ
അന്തസ്സിനു നിരക്കാത്ത പല പ്രസ്താവനകളും ചെയ്തു.
തന്‍റെ രാജ്യത്തില്‍ മഹാമാരി പടര്‍ന്നു പിടിക്കുന്നതു തടയാന്‍
കാര്യക്ഷമമായ നടപടികള്‍ എടുക്കുന്നതിനു പകരം
ചൈനയെ വിമര്‍ശിക്കുന്നതിലാണ് താല്പര്യം കാണിച്ചത്.

ഇതുപോലൊരു വിപത്തിനെ നേരിടാന്‍ ലോക രാഷ്ട്രങ്ങള്‍ക്കു യോജിച്ച തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാന്‍ കഴിഞ്ഞില്ല എന്നു വ്യക്തമാണ്. പ്രധാനമന്ത്രി അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു സാമൂഹിക വ്യാപനം തടയാന്‍ ശ്രമിച്ചു എന്നതു ശരി തന്നെ. പക്ഷേ അതിനു ഉദ്ദേശിച്ച ഫലം ലഭിച്ചിട്ടില്ല.
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അദ്ദേഹത്തിന്‍റെ പദവിയുടെ അന്തസ്സിനു നിരക്കാത്ത പല പ്രസ്താവനകളും ചെയ്തു. തന്‍റെ രാജ്യത്തില്‍ മഹാമാരി പടര്‍ന്നു പിടിക്കുന്നതു തടയാന്‍ കാര്യക്ഷമമായ നടപടികള്‍ എടുക്കുന്നതിനു പകരം ചൈനയെ വിമര്‍ശിക്കുന്നതിലാണ് താല്പര്യം കാണിച്ചത്. മരുന്നുകളുടെ താരീഫ് കുറയ്ക്കണമെന്നു പറഞ്ഞ ഇന്ത്യയെയും വിരട്ടാന്‍ ശ്രമിച്ചു. അണുനാശിനി ലായനികള്‍ കുത്തിവച്ചാല്‍ രോഗം ശമിക്കുമെന്നും വിഢ്ഢിത്തം വിളമ്പി. ഗോമൂത്രവും ഗംഗാജലവും കൊറോണയ്ക്കു പ്രതിവിധിയാകും എന്നുപറഞ്ഞ വടക്കേ ഇന്ത്യന്‍ “വിദഗ്ധ”രുടെ നിലവാരത്തിലേയ്ക്കു ട്രംപ് താഴ്ന്നു എന്നേ പറയാനുള്ളൂ.

റ്റി വി യില്‍ നാം കാണുന്ന സ്ഥിതിവിവര കണക്കുകളുടെ പിന്നിലുള്ള മാനവിക ദുരന്തം നമുക്കു ഊഹിക്കാന്‍ സാധ്യമല്ല. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ അനാഥരായി ഉറ്റവരും ഉടയവരും ഇല്ലാതായി. തൊഴിലില്ലായ്മ ക്രമാതീതമായി വര്‍ദ്ധിച്ചു. അമേരിക്കയില്‍ 25 ശതമാനം തൊഴിലാളികള്‍ക്കു വരുമാനം നിലച്ചു. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ ജനങ്ങളുടെ വരുമാനമാര്‍ഗ്ഗവും അടപ്പിച്ചു. കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ മുതല്‍ ഇന്ത്യയിലെ സമ്പദ് വ്യവസ്ഥ തളര്‍ച്ചയെ നേരിടുകയായിരുന്നു. ഇപ്പോഴത്തെ അടച്ചു പൂട്ടല്‍ അതിന്‍റെ ആക്കം കൂട്ടി.
ഇന്ത്യയിലെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകാന്‍ ഒരു കാരണം അതിഥി തൊഴിലാളികള്‍ എന്നു സല്പ്പേരിട്ടു വിളിക്കുന്ന വിഭാഗത്തിന്‍റെ നിസ്സാഹയതയാണ്. അതിഥി ദേവോഭവ എന്നാണ് ശ്രുതി പറയുന്നത്. പക്ഷേ അവരുടെ ചുറ്റുപാടുകള്‍ അത്യന്തം പരിതാപകരമാണ്. പൊതുഗതാഗതം നിര്‍ത്തിയതോടെ അവര്‍ക്കു വീട്ടില്‍ പോകാന്‍ വാഹനങ്ങളില്ലാതായി. ഡല്‍ഹിയില്‍ നിന്നും അനേകായിരം പേര്‍ യു പി, ബീഹാര്‍, ഒഡിഷ മുതലായ സംസ്ഥാനങ്ങളിലേയ്ക്കു നടന്നു പോകുന്ന കാഴ്ച നാം കാണുകയുണ്ടായി. ട്രെയിനില്ലാത്തതുകൊണ്ടു റെയില്‍പാളത്തില്‍ നാട്ടിലേയ്ക്കു നടന്നു പോയ തൊഴിലാളികള്‍ നടന്നു തളര്‍ന്നു പാളത്തില്‍ത്തന്നെ കിടന്നുറങ്ങിയപ്പോള്‍ ഗുഡ്സ് ട്രെയിന്‍ കയറി ചതഞ്ഞരഞ്ഞു പോയതും നാം മനസ്സിലാക്കി. നടന്നുനടന്നു വഴിയില്‍ത്തന്നെ പ്രസവിച്ച ഒരു സ്ത്രീയുടെ ചിത്രവും കണ്ടു. ഈ മനുഷ്യ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സംവിധാനങ്ങള്‍ ഇല്ലാതെ പോയതു നാടിനെ ലജ്ജിപ്പിക്കേണ്ടതാണ്.

ഇന്ത്യയിലെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകാന്‍
ഒരു കാരണം അതിഥി തൊഴിലാളികള്‍
എന്നു സല്പ്പേരിട്ടു വിളിക്കുന്ന വിഭാഗത്തിന്‍റെ നിസ്സാഹയതയാണ്.

കൊറോണ വൈറസിനെതിരെ കേരളം പോരാട്ടത്തില്‍

കേന്ദ്ര ഗവണ്‍മെന്‍റ് 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൊണ്ട് ഉദ്ദിഷ്ട ജനവിഭാഗങ്ങള്‍ക്കു കാര്യമായ നേട്ടമുണ്ടാകണമെങ്കില്‍ ഇന്നത്തെ ഭരണപരവും സാമൂഹികവുമായ സംവിധാനങ്ങളും പോര. വികസനത്തിനുവേണ്ടി സര്‍ക്കാര്‍ ചെലവാക്കുന്ന ഒരു രൂപയില്‍ പതിനാറു പൈസ മാത്രമേ ഉദ്ദിഷ്ട ഫലമുണ്ടാക്കുന്നുള്ളൂ എന്നു രാജീവ് ഗാന്ധി അധികാരത്തില്‍ വന്നപ്പോള്‍ പറഞ്ഞിരുന്നതു ഓര്‍മ്മയുണ്ടായിരിക്കും.
കൊറോണ വ്യാപനം കൊണ്ടു ഉണ്ടായിട്ടുള്ള സാമ്പത്തികത്തകര്‍ച്ച 1939 ലെ ലോക സാമ്പത്തിക തകര്‍ച്ചയെക്കാള്‍ രൂക്ഷമായിരിക്കുമെന്ന് മുന്നറിയിപ്പുകള്‍ ഉണ്ട്. കോര്‍പ്പറേഷനുകള്‍ക്കു ലാഭം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി വിടുപണി ചെയ്യുന്ന രാഷ്ട്രീയക്കാര്‍ക്കു ദീര്‍ഘവീക്ഷണത്തോടെ നയങ്ങള്‍ ആവിഷ്ക്കരിക്കാന്‍ കഴിയുകയില്ല. നവ ഉദാരവാദത്തിന്‍റെ ചട്ടക്കൂടിനകത്തു നിന്നുകൊണ്ടു തന്നെ പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാനായിരിക്കും അവര്‍ ശ്രമിക്കുക. പൊതുജനങ്ങളോടു അച്ചടക്കം പാലിക്കാന്‍ അവര്‍ ആഹ്വാനം ചെയ്യും. ഒരു മുറിയില്‍ എട്ടും പത്തും പേര്‍ ജീവിക്കുന്ന ധാരാവി നിവാസികളോടു സാമൂഹിക അകലം പാലിക്കണമെന്നു പറഞ്ഞാല്‍ അവര്‍ക്കു അതെങ്ങനെ സാധിക്കും? യുദ്ധവിമാനക്കമ്പനികളുടെയും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെയും ലാഭത്തില്‍ പങ്കുകൊണ്ടു രാഷ്ട്രീയാധികാരം കൈയാളുന്നവര്‍ക്കു സമൂഹത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തുന്നതിനെ കുറിച്ചു ആലോചിക്കാന്‍ കഴിയുകയില്ല.

രാജ്യത്തിലെ സമ്പത്തിന്‍റെ അന്‍പതു ശതമാനത്തില്‍ കൂടുതല്‍
രണ്ടോ മൂന്നോ ശതമാനം കമ്പനികളുടെ കൈയില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്.
സമ്പത്തിന്‍റെ വികേന്ദ്രീകരണത്തിനു തയാറാകാതെ എത്ര ഉത്തേജക പാക്കേജുകള്‍
പ്രഖ്യാപിച്ചാലും ഉദ്ദേശിച്ച ഫലമുണ്ടാവുകയില്ല.

കഴിഞ്ഞ നൂറ്റാണ്ടിലെ രൂക്ഷമായ സാമ്പത്തികത്തകര്‍ച്ചയുടെ സന്ദര്‍ഭത്തില്‍ മാര്‍ക്സിസ്റ്റുകാര്‍ പറഞ്ഞിരുന്നു: മുതലാളിത്തത്തെ തകര്‍ത്തു സോഷ്യലിസം സ്ഥാപിച്ചില്ലെങ്കില്‍ അതു ഫാസിസത്തിലേയ്ക്കു നയിക്കും. യൂറോപ്പില്‍ അതു സംഭവിച്ചു. നമ്മുടെ രാജ്യത്തും അടിസ്ഥാന സാമൂഹിക പരിവര്‍ത്തനത്തെക്കുറിച്ചു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യത്തിലെ സമ്പത്തിന്‍റെ അന്‍പതു ശതമാനത്തില്‍ കൂടുതല്‍ രണ്ടോ മൂന്നോ ശതമാനം കമ്പനികളുടെ കൈയില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. സമ്പത്തിന്‍റെ വികേന്ദ്രീകരണത്തിനു തയാറാകാതെ എത്ര ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചാലും ഉദ്ദേശിച്ച ഫലമുണ്ടാവുകയില്ല.
കൊറോണ ബാധിച്ചു മൂന്നു ലക്ഷം പേര്‍ ഇതിനകം മരിച്ചു കഴിഞ്ഞിരിക്കുന്നു. കൊറോണയുടെ വ്യാപനം തടയുന്നതു എളുപ്പമല്ലെന്നും അതുമായി സഹവര്‍ത്തിച്ചു കഴിയുകയല്ലാതെ നിവൃത്തിയില്ലെന്നും ലോകാരോഗ്യ സംഘടനയിലെ ഒരു ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞിരിക്കുകയാണ്. തികച്ചും നിരാശാജനകമാണ് ഈ പ്രസ്താവന. ആശയുടെ പ്രകാശകിരണങ്ങള്‍ പ്രതീക്ഷിച്ചിരിക്കുക മാത്രമേ നമുക്കു ചെയ്യാനുള്ളൂ.

SHARE
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *