വിപ്ലവ മാര്‍ഗവും ഭക്തി മാര്‍ഗവും

2006 സെപ്തംബര്‍ മാസം ആദ്യം ‘ജനശക്തി’ തിരുവനന്തപുരത്തു പുനര്‍ജ്ജനിക്കുമ്പോള്‍ നിസ്വാര്‍ത്ഥമായി അതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ അന്നനുഭവിച്ച മാനസിക സംഘര്‍ഷവും ക്ലേശവും സമാനതകള്‍ ഇല്ലാത്തതായിരുന്നു. ഞങ്ങളില്‍ ഒരാള്‍ പോലും ഒരു രാത്രി പോലും ഹോട്ടല്‍മുറിയില്‍ താമസിച്ച അനുഭവമില്ല. എന്തെന്നാല്‍ അതിനുള്ള സാമ്പത്തിക ശേഷി ഞങ്ങള്‍ക്കില്ലായിരുന്നു. വാടകക്കെട്ടിടത്തില്‍ നിലത്ത് പായവിരിച്ച തറയില്‍ ദിനരാത്രങ്ങള്‍ തള്ളി നീക്കിയ പത്രാധിപന്മാരുടെയും സഹായികളുടെയും ത്യാഗത്തെ ഞങ്ങള്‍ക്ക് ഒരിക്കലും വിസ്മരിക്കാനാകില്ല. സ്ഥലപരിമിതിയും നിലത്ത് വിരിക്കാനുള്ള പായയുടെ കുറവും കാരണം ് ഊഴംവെച്ചു കിടന്ന് നേരം വെളുപ്പിച്ചവര്‍ ഉണ്ട്. ഇപ്പോള്‍ ഒന്നരദശാബ്ദം പിന്നിടുമ്പോഴും ഞങ്ങള്‍ വാടക കെട്ടിടത്തിലാണ്. അന്നത്തേതിലും ചുരുങ്ങിയ സൗകര്യങ്ങളോടെ, നിന്ന് തിരിയാന്‍ ഇടമില്ലാത്ത ചെറിയ ഒറ്റമുറിയില്‍. മുമ്പ് വ്യക്തമാക്കിയത് പോലെ ഞങ്ങള്‍ക്ക് രണ്ടറ്റം കൂട്ടിമുട്ടിക്കുന്ന ഒരു കാലം അതിനിടയില്‍ ഉണ്ടായിട്ടില്ല. ഇപ്പോഴുമില്ല. ഇനി ഉണ്ടാകുമെന്ന വിശ്വാസവുമില്ല. ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കണം എന്നത് ഞങ്ങള്‍ ഏറ്റെടുത്ത ചരിത്ര നിയോഗമാണ്. അതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങള്‍ ഇല്ല.
‘ജനശക്തി’ പുനരുജ്ജീവിപ്പിക്കുമ്പോള്‍ ഞങ്ങള്‍ക്ക് പിന്തുടരാനുള്ള ഒരു മാധ്യമ മാതൃക മുമ്പിലുണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് ശരിയെന്ന് തോന്നിയ ആശയങ്ങള്‍,ഊടും പാവുമാക്കി നെയ്‌തെടുത്ത സത്യത്തിന്റെ നേര്‍ക്കുപിടിച്ച ഒരു നിഴല്‍ക്കണ്ണാടി കണക്കെ അത് നിലകൊണ്ടു. അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ‘ജനശക്തി’ ക്ക് തുടക്കം കുറിച്ച ദിവസം ശ്രേഷ്ഠ വ്യക്തിത്വങ്ങളായ ഒ എന്‍ വി കുറുപ്പും സുഗതകുമാരിയും ഡോ. മാലതി ദാമോദരനും മറ്റും അവരുടെ ആശീര്‍വാദ പ്രഭാഷണങ്ങള്‍ വഴി പരോക്ഷമായി എടുപ്പിച്ച പ്രതിജ്ഞാ വാചകത്തിലെ ഓരോ വാക്കും അക്ഷരം തെറ്റാതെ പാലിക്കുകയായിരുന്നുവെന്ന് നെഞ്ചില്‍ കൈവെച്ചു ഞങ്ങള്‍ക്ക് പറയാനാകും. ഏതു വിഷയത്തിലും സത്യം തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കെല്‍പ്പുണ്ടാക്കുന്നതാണ് ‘ജനശക്തി’യിലെ ഓരോ വാക്കും. ഞങ്ങള്‍ക്ക് സ്വന്തമായി ഒരു ശബ്ദമുണ്ട്. ജനഹിതമാണ് ആ ശബ്ദം. ആരുടെ മുന്‍പിലും തലതാഴ്ത്താത്ത, വേറിട്ട് നില്‍ക്കുന്ന ശബ്ദം.
‘ജനശക്തി’ യുടെ ആദ്യലക്കം പുറത്തിറങ്ങിയത് 2006 ല്‍ ഓണം പ്രത്യേക പതിപ്പോടെയാണെങ്കില്‍, മാധ്യമരംഗത്തു ഏറെ മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ഒരു കാലഘട്ടം പിന്നിട്ടാണ് ഈ വര്‍ഷത്തെ റിപ്പബ്ലിക് പ്രത്യേക പതിപ്പ് പുറത്തിറക്കുന്നത്. എത്ര പ്രത്യേക പതിപ്പുകള്‍ വിപണിയില്‍ ഉണ്ടെങ്കിലും ദമയന്തിയുടെ ഉള്‍ക്കണ്ണു സത്യം കാണും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഈ ദമയന്തീ സ്വയംവരത്തില്‍ ഇരിക്കുന്ന യഥാര്‍ത്ഥ നളനെ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് വിഷമമുണ്ടാകില്ല.
കഴിഞ്ഞ ഒന്നര ദശാബ്ദത്തിനുള്ളില്‍ ഒട്ടേറെ പ്രത്യേക പതിപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഇത്രയേറെ കഠിന പ്രയത്‌നത്തിലൂടെ ഒരു പതിപ്പ് പുറത്തിറക്കുന്നത് നടാടെയാണ്. ഞങ്ങള്‍ മാറ്റിവെച്ച പല സൃഷ്ടികളും കൂടുതല്‍ പേജുകള്‍ ചേര്‍ത്ത് ഉള്‍പ്പെടുത്താന്‍ കഴിയാത്തത് ഞങ്ങളുടെ വിഭവ പരിമിതികാരണം മാത്രമാണെന്ന് ഖേദപൂര്‍വ്വം വ്യക്തമാക്കട്ടെ.
ആദ്യ ലക്കം (ഓണം വിശേഷാല്‍പതിപ്പ്) പുറത്തിറങ്ങിയത് നവോത്ഥാന മഹാഗുരുവിന്റെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തിന്റെയും കേരളചരിത്രം സഖാവ് എന്ന പേരില്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രിയ നേതാവിന്റെ ജന്മശതാബ്ദിയുടെയും ഇരമ്പുന്ന ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരപൂര്‍വം സമര്‍പ്പിച്ചുകൊണ്ടാണ്. ഈ റിപ്പബ്ലിക് പതിപ്പ് ഞങ്ങള്‍ ഇറക്കുന്നത് മറ്റൊരു ദശാസന്ധിയിലാണ്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനമുന്നേറ്റമായ, കര്‍ഷക മഹാ സമരം ഒരു ബദല്‍ രാഷ്ട്രീയമാതൃകയാണെന്ന തിരിച്ചറിവാണ് ഞങ്ങള്‍ക്ക് ഈ റിപ്പബ്ലിക്ക് ദിന പ്രത്യേക പതിപ്പിന് ദീപശിഖയായി ജ്വലിക്കുന്നത്. ഭരണഘടനയെ നിരാകരിച്ചും ചരിത്രം തിരുത്തിയെഴുതിയും മുന്നേറുന്ന ഹൈന്ദവ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് കനത്ത പ്രഹരമേല്പിച്ചു കൊണ്ട് അരങ്ങേറിയ കര്‍ഷക സമരം ഒരു പ്രതീക്ഷയാകുന്നത് അവിടെയാണ്. ആഗോള മൂലധന സാമ്ര്യാജ്യത്വത്തിന്റെ സാമന്തനായ നരേന്ദ്രമോദിയെ മുട്ടുകുത്തിച്ച ഇന്ത്യന്‍ കര്‍ഷകര്‍, ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ നേതാക്കളേയും പാര്‍ട്ടികളേയും മാറ്റി നിര്‍ത്തിക്കൊണ്ടാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭം നയിച്ചതെന്നതിന് ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. അതിലാണ് ഞങ്ങള്‍ക്ക് പ്രതീക്ഷ.
മലയാളികളെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷ നാമധേയം പേറുന്ന രണ്ടുമന്ത്രിസഭകളെ പരീക്ഷിക്കാനുള്ള സന്ദര്‍ഭമാണ് ‘ജനശക്തി’ യുടെ പ്രഥമ ലക്കത്തിനും ഈ റിപ്പബ്ലിക് പതിപ്പിനും ഇടയില്‍ കൈവന്നത്. ഒരേ പാര്‍ട്ടിയുടെയും മുന്നണിയുടെയും ആശയങ്ങള്‍ തന്നെയാണോ രണ്ട് ഭരണത്തിലും കാണുന്നത് എന്നത് താരതമ്യം അര്‍ഹിക്കുന്ന സന്ദര്‍ഭമാണിത്. ആദ്യത്തെ ഇടതുപക്ഷ മുന്നണി മന്ത്രിസഭയെ ശീര്‍ഷാസനത്തില്‍ നിര്‍ത്തുകയാണ് രണ്ടാമത്തെ മന്ത്രിസഭ എന്ന് പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തി കാണാനാകില്ല. വിഖ്യാത ഭരണാധിപനായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിനെപ്പോലും പരസ്യമായി വെല്ലുവിളിക്കുകയും തെറ്റായ നയങ്ങളെ നഖശിഖാന്തം എതിര്‍ക്കുകയും ചെയ്തിരുന്ന പാരമ്പര്യമുള്ള കേരളത്തിലെ കമ്മ്യുണിസ്റ്റ് മന്ത്രിസഭകള്‍ക്ക് ഇപ്പോള്‍ .പ്രധാനമന്ത്രി നരേന്ദ്രമോദിയോട് എന്തുകൊണ്ട് പൊടുന്നനെ മൃദുസമീപനം കൈവന്നു എന്നത് രാഷ്ട്രമീമാംസര്‍ക്ക് ഉത്തരം കിട്ടാത്ത സമസ്യയാണ്. കേരളത്തിലെ ഇ എം എസ് മുതല്‍ വി എസ് അച്യുതാനന്ദന്‍ വരെയുള്ള മുഖ്യമന്ത്രിമാരും പശ്ചിമബംഗാളിലെ ജ്യോതിബസു മുതല്‍ ബുദ്ധദേബ് വരെയുള്ള മുഖ്യമന്ത്രിമാരും ത്രിപുരയിലെ നൃപന്‍ ചക്രവര്‍ത്തി മുതല്‍ മണിക് സര്‍ക്കാര്‍ വരെയുള്ള മുഖ്യമന്ത്രിമാരും മുറുകെപ്പിടിച്ചിരുന്ന നയം ഇതായിരുന്നില്ല. ആ സമസ്യക്ക് ഉത്തരം തേടുകയാണ് ഈ പ്രത്യേക പതിപ്പില്‍.
മാത്രവുമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണയന്ത്രം ചലിപ്പിക്കുന്ന അതേ അഴുക്ക് ചാലില്‍ കൂടി തന്നെയാണ് കേരളവും നീങ്ങുന്നതെന്ന് വിദഗ്ധര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നതും വസ്തുതയാണ്. വിവാദ വിഷയങ്ങളില്‍ സിപിഎം കേന്ദ്രനേതൃത്വത്തിന് പഴയ പ്രഖ്യാപിത നിലപാടുകള്‍ വിഴുങ്ങുകയോ മാപ്പര്‍ഹിക്കാത്ത മൗനം അവലംബിക്കുകയോ ചെയ്യേണ്ടിയും വരുന്നു. കോര്‍പ്പറേറ്റ് ചങ്ങാത്ത മൂലധനത്തിന്റെ പിടിമുറുക്കാന്‍ ജനങ്ങളുടെ തലച്ചോര്‍ കഴുകി വൃത്തിയാക്കുന്ന നരേന്ദ്ര മോദിയുടെ അതേ പ്രക്രിയയ്ക്ക് തന്നെയാണ് കേരളവും സാക്ഷ്യം വഹിക്കുന്നതെന്ന് ധനതത്വ ശാസത്രജ്ഞര്‍ ആരോപിക്കുന്നു .
വര്‍ത്തമാനത്തിന്റെ അടയാളങ്ങള്‍ ആണ് റിപ്പബ്ലിക് പതിപ്പിലെ ഓരോ രചനകളും.
സാമൂഹ്യ രംഗത്തും സാംസ്‌കാരിക രംഗത്തും കേരളത്തിന്റെ ജീര്‍ണ്ണതയുടെ താളമേളങ്ങളാണ് ‘കാരണഭൂത’നിലൂടെയും ‘പൗരപ്രമാണി’മാരിലൂടെയും പൊട്ടി ഒലിക്കുന്നത്. നവോത്ഥാന പ്രസ്ഥാനത്തിന്റെ നേരവകാശികള്‍ക്ക് എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് വിപ്ലവ മാര്‍ഗത്തില്‍ നിന്ന് കമ്മ്യുണിസ്റ്റുകാര്‍ ഭക്തി മാര്‍ഗത്തിലേക്ക് മടങ്ങുന്നത്? ജനങ്ങളെ സത്യം പഠിപ്പിക്കാന്‍ കലാരൂപങ്ങളെ കമ്മ്യുണിസ്റ്റുകാര്‍ ആശ്രയിക്കുന്നത് നടാടെയല്ല. പക്ഷെ തിരുവാതിര എന്ന കലാരൂപം എന്തെന്ന് അറിയാത്തവരല്ല മലയാളികള്‍. ഉല്ലാസപ്രദമായ ഒരു ഉത്സവ ദിവസമാണ് അത്. അതും കാരണഭൂതന്റെ നാട,് സ്വന്തം പാര്‍ട്ടിയിലെ വിദ്യാര്‍ത്ഥി സംഘടനാ നേതാവിന്റെ അരുംകൊലയില്‍ വിലാപത്തില്‍ ആയിരുന്ന ദിവസം.
ഇത് താഴെതട്ടിലെ പ്രവര്‍ത്തകര്‍ക്ക് സംഭവിച്ച കൈപ്പിഴയല്ല. ഏറെ ദിവസത്തെ ഒരുക്കങ്ങളും പലവട്ടമുള്ള റിഹേഴ്‌സലും കഴിഞ്ഞാണ് കേന്ദ്രീകൃതമായ ഈ ആഘോഷം അരങ്ങേറിയത്. എന്തുകൊണ്ടാണ് ക്ഷേത്രനഗരികളായ തിരുവനന്തപുരത്തും തൃശൂരും മാത്രം ഇത് അരങ്ങേറിയത്? ഹൈന്ദവരുടെ ആചാരങ്ങള്‍ മാത്രമേ കമ്മ്യുണിസ്റ്റ്കാരുടെ ഐതിഹ്യമാലയിലുള്ളോ?എന്തേ തലസ്ഥാനത്ത് മാര്‍ഗംകളിയും മാപ്പിളപ്പാട്ടും ഒപ്പനയും വേദികളില്‍ എത്തിക്കുന്നില്ല എന്ന് ചിന്തിച്ചിട്ടുണ്ടോ? അതാണ് അതിലെ രാഷ്ട്രീയ ദുഷ്ടലാക്ക്. പശ്ചിമ ബംഗാള്‍ 34 വര്‍ഷം ഇടതുഭരണത്തിലായിരുന്നിട്ടും .ഒരിക്കല്‍പ്പോലും ‘പൗരപ്രമാണി’കളുടെ യോഗം വിളിച്ചുകൂട്ടിയതായി ആരും രേഖപ്പെടുത്തിയിട്ടില്ല. പിണറായിവിജയന്റെ ഭരണം തുടങ്ങിയ സന്ദര്‍ഭത്തില്‍ എല്ലാം ഒരു കുഴപ്പമായി തോന്നിയിരുന്നു. ഇപ്പോള്‍ അതെല്ലാം പുതിയ നാട്ടുനടപ്പോ ശീലമോ ആയിത്തീരുകയും ചെയ്തു.
വേഗതയുടെ ആവശ്യകതയാണ് കമ്മ്യുണിസ്റ്റുകാര്‍ ഇപ്പോള്‍ ഊന്നിപ്പറയുന്നത്. എല്ലാത്തിനും വേഗം വേണം. ഒരു കാലത്ത് വേഗതയുടെ ചിഹ്നം കമ്പ്യൂട്ടര്‍ ആയിരുന്നു. പക്ഷെ അന്ന് അതിനെ തച്ചുടച്ച് തരിപ്പണമാക്കിയത് കേരളത്തിലെ കമ്മ്യുണിസ്റ്റുകാര്‍ ആയിരുന്നു. അതേ സമയം കേരളത്തേക്കാള്‍ കമ്മ്യുണിസ്റ്റുകാര്‍ ജീവിച്ചിരുന്ന വിദേശ രാജ്യങ്ങളില്‍ ഒന്നും അങ്ങിനെ സംഭവിച്ചില്ല. അവര്‍ക്ക് കമ്പ്യുട്ടര്‍ ഒരു ദിവ്യ വസ്തുവായിരുന്നു. എന്നാല്‍ ഈ മാറ്റം ആശയങ്ങളിലും ബാധിച്ചപ്പോഴാണ് അതിവേഗ തീവണ്ടികളിലെത്തിയത്. അതിവേഗ തീവണ്ടികള്‍ ആണ് സാമൂഹ്യമാറ്റത്തിന്റെ പുതിയ തിരുവാതിര.
ചരിത്രത്തിന്റെ ഹൈന്ദവഭാഷ്യം എഴുതിച്ചേര്‍ക്കാനുള്ള ശ്രമമാണ് ദേശീയതലത്തില്‍ ഇന്ന് നടക്കുന്നത്. തങ്ങള്‍ക്ക് ഹിതകരമായ ചരിത്രാഖ്യാനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ഫാസിസത്തിന്റെ സഹജസ്വഭാവമാണ്. ഗാന്ധി-നെഹ്റു-കേന്ദ്രിത ദേശീയതാ ബിംബശ്രേണിയോട് വിമര്‍ശനാത്മകമായി പ്രതികരിക്കുന്നത് മനസിലാക്കാം. എന്നാല്‍, അതിന് ബദലായി ഒരു പുതിയ ദേവതാഗണം സൃഷ്ടിക്കാനും പഴയ സ്മരണകള്‍ക്ക് മേല്‍ പുതിയ സ്മരണകള്‍ പതിച്ചെടുക്കാനുമുള്ള ശ്രമം ചരിത്രനിഷേധമാണ്. ബിജെപി ഭരിക്കുന്ന ഇടങ്ങളില്‍ നഗരങ്ങളുടെയും പൊതുസ്ഥാപനങ്ങളുടെയും മറ്റും പേരുമാറ്റത്തിലാരംഭിച്ച ആ പ്രക്രിയ ഇപ്പോള്‍ രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുന്നു. ഇന്ത്യാ ഗേറ്റിലെ ദേശീയ യുദ്ധസ്മാരകം 2019ല്‍ അവിടെ നിന്ന് നീക്കിക്കൊണ്ടായിരുന്നു തുടക്കം. ‘അമര്‍ ജവാന്‍ ജ്യോതി’ പുതിയ സ്മാരകത്തിന്റെ അദൃശ്യതയിലേക്ക് പകര്‍ന്ന് ആധുനിക ഇന്ത്യാ ചരിത്രത്തിന്റെ വഴിയില്‍ ഒരു ഇരുണ്ട ഇടനാഴി തീര്‍ത്തിരിക്കുകയാണവര്‍. അത് ഗുജറാത്തില്‍ നിന്നാരംഭിച്ച വലിയൊരു പദ്ധതിയാണെന്ന് നാമിന്ന് തിരിച്ചറിയുന്നു. ഗാന്ധി-നെഹ്റു ദ്വയത്തെ നിഷ്പ്രഭരാക്കാന്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ആകാശം മുട്ടുന്ന പ്രതിമ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് മുകളില്‍ പണിഞ്ഞുയര്‍ത്തിയായിരുന്നല്ലോ തുടക്കം. ഇപ്പോള്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിനെ തങ്ങളുടെ നേതൃദേവശ്രേണിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണവര്‍. ഏറ്റവുമൊടുവില്‍ അവര്‍ ശ്രമിച്ചത് ഗാന്ധിജിയുടെ പ്രിയ ഗീതം ‘എബൈഡ് വിത്ത് മി’ റിപ്പബ്ലിക്ക് ദിന സൈനിക ബാന്‍ഡിന്റെ ‘ബീറ്റിങ് ദ് റിട്രീറ്റി’ല്‍ നിന്ന് ഒഴിവാക്കാനായിരുന്നു.
ഇതുതന്നെയാണ് കേരളത്തിലും സംഭവിക്കുന്നത്. വി എസ് അച്യുതാനന്ദനെ നിഷ്പ്രഭമാക്കാന്‍ അദ്ദേഹത്തെ ബക്കറ്റിലെ തിരയായും ,വിഗ്രഹം ചുമക്കുന്ന കഴുതയായും,കോലിട്ടു കുത്തിത്തിരുപ്പുണ്ടാക്കുന്നവന്‍ എന്നും മറ്റും ആക്ഷേപിച്ചത് ഇത്തരുണത്തില്‍ സ്മരണീയമാണ്. വി എസ്സും നായനാരും പോരാടിനേടിയതായിരുന്നു ലോകായുക്ത നിയമം. ഈ നിയമം നിലനിന്നാല്‍ ഈ മന്ത്രിസഭ അറബിക്കടലില്‍ വീഴുമെന്നാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. അങ്ങിനെ സംഭവിച്ചാല്‍ ജനങ്ങള്‍ ആഹ്‌ളാദിക്കുകയേ ഉള്ളൂ എന്നതാണ് വസ്തുത.