മാപ്പു പറയില്ലെന്ന് വീണ്ടും പ്രശാന്ത് ഭൂഷൺ ; ശിക്ഷ സുപ്രീം കോടതി നാളെ നിശ്ചയിക്കും

ന്യൂഡൽഹി:  സുപ്രീം കോടതിയിലെ ചീഫ് ജസ്റിസുമാർക്കെതിരെ കോടതിയലക്ഷ്യം നടത്തിയെന്ന കേസിൽ മാപ്പു പറയാൻ താൻ തയ്യാറല്ലെന്ന് പ്രമുഖ അഭിഭാഷകൻ  പ്രശാന്ത് ഭൂഷൺ വീണ്ടും പ്രഖ്യാപിച്ചു.

കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്നു  ആഗസ്റ്റ് 14നു സുപ്രീം കോടതിയിലെ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പ്രസ്താവിച്ചിരുന്നു. ശിക്ഷ സംബന്ധിച്ച് തീരുമാനിക്കാനായി വെള്ളിയാഴ്ച്ച കേസ് പരിഗണിച്ച അവസരത്തിൽ  മാപ്പപേക്ഷിക്കാനുള്ള കോടതിയുടെ നിർദേശം പ്രശാന്ത് ഭൂഷൺ അന്നുതന്നെ തള്ളിയിരുന്നു. എന്നാൽ ഇക്കാര്യം  ചിന്തിക്കാൻ അദ്ദേഹത്തിന് രണ്ടു മൂന്നു ദിവസം നൽകുകയാണെന്ന് പറഞ്ഞ കോടതി അദ്ദേഹം തിങ്കളാഴ്ച വീണ്ടും സത്യവാങ്മൂലം നൽകണമെന്നു നിർദേശിച്ചിരുന്നു. അതിനു  ശേഷം കേസ് ചൊവ്വാഴ്ച  പരിഗണിക്കാനായി കോടതി മാറ്റിവെച്ചു.

ഇന്നു നൽകിയ രണ്ടുപേജ് സത്യവാങ്‌മൂലത്തിൽ മാപ്പു പറയുകയെന്നത് തന്റെ മനസാക്ഷിയോട് ചെയ്യുന്ന തെറ്റായിരിക്കുമെന്നു ഭൂഷൺ വ്യക്തമാക്കി. തനിക്കു ഉത്തമബോധ്യമുള്ള കാര്യമാണ് കോടതി സംവിധാനത്തിന്റെ  സുതാര്യതയും ഗരിമയും ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ താൻ തുറന്നു പറഞ്ഞത്. അതിൽ താൻ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു. അതിനാൽ ഈ വിഷയത്തിൽ ശിക്ഷയിൽ നിന്ന് രക്ഷ നേടാനായി മാത്രം മാപ്പപേക്ഷ നല്കാൻ തയ്യാറല്ല.

കേസിൽ സുപ്രീം കോടതി എടുത്ത നിലപാട്  അഭിഭാഷകർക്കിടയിലും സുപ്രീം കോടതിയിലെ മുൻ ജഡ്ജിമാർക്കിടയിലും വലിയ വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു. സുപ്രീം  കോടതിയുടേത് അമിതമായ ശിക്ഷാവ്യഗ്രതയാണെന്നു മുൻ സോളിസിറ്റർ ജനറൽ സോളി സൊറാബ്ജി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി. വിമർശകരെ ചുറ്റിക കൊണ്ടു  തലക്കടിക്കുന്ന രീതിയിലാണ് കോടതിയലക്ഷ്യ നിയമം കോടതി കൈകാര്യം ചെയ്യുന്നതെന്ന് സീനിയർ അഭിഭാഷകൻ കപിൽ സിബൽ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.

കേസിൽ എന്തു ശിക്ഷ നൽകണം  എന്ന കാര്യത്തിൽ ഇനി നാളെ സുപ്രീം കോടതി ബെഞ്ച് തീരുമാനിക്കും. കോടതിയലക്ഷ്യ നിയമം സംബന്ധിച്ച കേസ് ഉയർന്ന  ബെഞ്ച് പരിഗണിക്കണം എന്ന പ്രശാന്ത് ഭൂഷന്റെ  ഹരജിയിൽ തീർപ്പായശേഷം മാത്രമേ അദ്ദേഹം ശിക്ഷ അനുഭവിക്കേണ്ടി വരികയുള്ളു എന്നു കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

Leave a Reply