ഭീമ-കൊരേഗാവ് കേസ്: കലാപ്രവർത്തകരെ അറസ്റ്റ് ചെയ്തു

പുനെ:  ഭീമ-കൊരേഗാവ് കേസിൽ എൽഗർ പരിഷത്ത് സമ്മേളനവുമായി ബന്ധപ്പെട്ടു എന്നപേരിൽ പുരോഗമന സാംസ്‌കാരിക പ്രസ്ഥാനമായ കബീർ കലാ മഞ്ചിന്റെ മൂന്നു പ്രവർത്തകരെ ഇന്നലെ എൻഐഎ  കസ്റ്റഡിയിൽ എടുത്തു.

പൂനെ നിവാസികളായ സാഗർ തത്യാരാം ഗോർഖേ, 32, രമേശ് മുരളീധർ ഗെയ്‌ച്ചോർ, 36,   ജ്യോതി രംഗോഭ  ജഗ്താപ്, 33, എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. മാവോയിസ്റ്റ് പ്രവർത്തനവും ദേശീയ സുരക്ഷയ്ക്ക്  വിരുദ്ധമായ പ്രവർത്തനവും ഇവർ നടത്തി എന്നു എൻഐഎ ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആരോപിച്ചു. മാത്രമല്ല  മാവോയിസ്റ്റ് പ്രവർത്തനത്തിന്റെ ഭാഗമായി അവർ മാരകായുധങ്ങളിൽ കാട്ടിൽ  പരിശീലനം നേടിയെന്നും എൻഐഎ ആരോപിക്കുന്നു.

എന്നാൽ കേസിൽ മാപ്പുസാക്ഷിയാകാനും അതു സംബന്ധിച്ചു ക്ഷമാപണക്കുറിപ്പ് എഴുതിനൽകാനും എൻഐഎ നേരത്തെ നിർബന്ധിച്ചിരുന്നുവെന്നും അതിനു തയ്യാറാകാതെ വന്നതോടെയാണ് തങ്ങളെ കേസിൽ പ്രതിയാക്കിയതെന്നും അറസ്റ്റിലായ യുവാക്കൾ ഇന്നലെ ഫേസ്ബുക്ക് പ്രസ്താവനയിൽ പറഞ്ഞു.  മാപ്പുസാക്ഷിയാകാൻ പോലീസ് നിർബന്ധിച്ചു. എന്നാൽ ഞങ്ങൾ അംബേദ്കറുടെ മക്കളാണ്; സവർക്കറുടെ അനുയായികളല്ല. അതിനാൽ എൻഐഎയുടെ ആവശ്യം നിരാകരിക്കുകയായിരുന്നു എന്നു അവരുടെ കുറിപ്പിൽ പറയുന്നു.

നേരത്തെ മഹാരാഷ്ട്രയിലെ ബിജെപി ഭരണകാലത്തു പൂനെ പോലീസ് ചാർജ് ചെയ്ത കേസിൽ പ്രശസ്ത തെലുഗു കവി വരവര റാവു, പ്രമുഖ ദളിത് ചിന്തകൻ ആനന്ദ് തെൽതുംബ്‌ദെ, പത്രപ്രവർത്തകൻ ഗൗതം നവ്‌ലാഖ, ഡൽഹി സർവ്വകലാശാലാ അധ്യാപകൻ ഹാനിബാബു എന്നിവരടക്കം നിരവധി പ്രമുഖ ബുദ്ധിജീവികളും എഴുത്തുകാരും പൗരാവകാശ പ്രവർത്തകരും തടവിലാണ്. വരവര  റാവുവിന്റെ മകളുടെ ഭർത്താവ്  ഹൈദരാബാദിലെ എഫ്ലു സർവകലാശാലയിലെ അധ്യാപകൻ ഡോ. സത്യനാരായണയോടു ചോദ്യം ചെയ്യലിനായി ഹാജരാകാൻ എൻഐഎ ആവശ്യപ്പെട്ടിട്ടുണ്ട്. തടവിൽ കഴിയുന്ന എമ്പതുകാരനായ കവിയുടെ  കുടുംബത്തെ ഉപദ്രവിക്കാനുള്ള ബോധപൂർവമായ പോലീസ് ഗൂഢാലോചനയുടെ ഭാഗമായാണ് അദ്ദേഹത്തിനെതിരെ ഇപ്പോൾ ആരംഭിച്ചിരിക്കുന്ന നീക്കമെന്ന് പ്രമുഖ പൗരാവകാശ പ്രവർത്തകർ ആരോപിച്ചു. 

Leave a Reply