നേപ്പാളുമായും തർക്കം; ഇന്ത്യയുടെ വടക്കൻ അതിർത്തി സംഘർഷമയം

പ്രത്യേക പ്രതിനിധി 

ന്യൂദൽഹി: ചൈനയുമായുള്ള അതിർത്തി സംഘർഷങ്ങൾ തുടരുന്നതിനിടയിൽ നേപ്പാളുമായും തർക്കങ്ങൾ ഉയർന്നതോടെ ഇന്ത്യയുടെ വടക്കും കിഴക്കും പടിഞ്ഞാറും അതിർത്തികളിൽ നിരന്തരമായ പ്രശ്നങ്ങളും ഏറ്റുമുട്ടലുകളും പതിവായി.

പാകിസ്ഥാനുമായി കാശ്മീരിലും പടിഞ്ഞാറൻ അതിർത്തിയിലെ മറ്റു പല മേഖലകളിലും സംഘർഷങ്ങൾ പതിവാണ്. ബംഗ്ളദേശ് പാരമ്പര്യമായി ഇന്ത്യയുടെ നല്ല സുഹൃത്തായാണ് നിലനിന്നതെങ്കിലും സമീപകാലത്ത് നദീജലം സംബന്ധിച്ച വിഷയങ്ങളും അഭയാർത്ഥികളെ സംബന്ധിച്ച തർക്കങ്ങളും ഇരുരാജ്യങ്ങൾക്കും ഇടയിൽ ഭിന്നതകൾ വർധിപ്പിച്ചിട്ടുണ്ട്.  ചൈനയുമായി വുഹാനിലും മാമല്ലപുരത്തും നടന്ന മോദി-ഷി ജിൻ പിങ് കൂടികാഴ്ച്ചകളും ചർച്ചകളുംവഴി മെച്ചപ്പെട്ട ബന്ധങ്ങൾ വളർന്നുവരുന്നു എന്ന പ്രതീതിയുണ്ടാക്കിയിരുന്നു .പക്ഷേ മെയ് അഞ്ചിന് കിഴക്കൻ ലഡാക്കിൽ  ആരംഭിച്ച ചൈനീസ് കടന്നുകയറ്റം മറ്റു മേഖലകളിലേക്കും  വ്യാപിച്ചിരിക്കുകയാണ്. സൈനിക  നേതൃതലത്തിൽ നടന്ന ചർച്ചകളിൽ ഇരു സേനകളും മുൻനിലയിലേക്ക് പിൻവാങ്ങാൻ തീരുമാനമായതായി അധികൃതർ അറിയിച്ചെങ്കിലും സിക്കിമിലും മറ്റു ചില പ്രദേശങ്ങളിലും ചൈന ഇനിയും പിൻവാങ്ങിയിട്ടില്ലെന്നു ഉന്നത നയതന്ത്ര വൃത്തങ്ങൾ വ്യക്തമാക്കുന്നു. അതിനിടയിൽ ചൈനീസ് വെടിവെപ്പിൽ കേണൽ അടക്കം മൂന്നു ഇന്ത്യൻ സൈനികർ  മരിച്ചതായി വാർത്ത വന്നിട്ടുണ്ട്.  സൈനിക-നയതന്ത്ര ചർച്ചകൾ തുടരുകയാണെന്ന്  പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും കഴിഞ്ഞദിവസം വ്യക്തമാക്കി.

ഇതിനിടയിലാണ് ഇന്ത്യയുടെ ഭാഗമായി നിലനിൽക്കുന്ന കാലാപാനി അടക്കമുള്ള ചില പ്രദേശങ്ങളുടെ മേൽ നേപ്പാൾ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഈ  പ്രദേശങ്ങൾ തങ്ങളുടെ ഭാഗമായി ചിത്രീകരിക്കുന്ന മേപ്പും കഴിഞ്ഞ ദിവസം നേപ്പാൾ പാർലമെന്റിൽ ഏകകണ്‌ഠമായി അംഗീകരിക്കപ്പെട്ടു. ഇത് ഇരുരാജ്യങ്ങൾക്കുമിടയിൽ  അസാധാരണമായ സംഘർഷത്തിന്റെ പുതിയൊരു അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്.  പ്രശ്നങ്ങൾക്കു  നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലിയെയാണ് ഇന്ത്യ കുറ്റപ്പെടുത്തുന്നതെങ്കിലും നേപ്പാളിലെ മുഖ്യധാരാ പാർട്ടികളുടെ പൂർണപിന്തുണ നേപ്പാൾ സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. നേപ്പാളിലെ പ്രമുഖ കമ്മ്യൂണിസ്റ്റ്  പാർട്ടിയുടെ നേതാവും മുൻപ്രധാനമന്ത്രിയുമായ  പുഷ്പകമൽ പ്രചണ്ഡയും വിഷയത്തിൽ ഒലി സർക്കാരിന് പിന്തുണ നൽകിയിട്ടുണ്ട്.

 ഇന്ത്യയ്ക്കകത്തുള്ള ചില പ്രദേശങ്ങളുടെ മേൽ കഴിഞ്ഞ നവംബറിൽ നേപ്പാൾ  അവകാശവാദം ഉന്നയിച്ച അവസരത്തിൽ വിദേശകാര്യ സെക്രട്ടറി തലത്തിലോ വിദേശകാര്യമന്ത്രി തലത്തിലോ ഇടപെട്ടു  ചർച്ച നടത്തി പ്രശ്നപരിഹാരം കണ്ടെത്തുന്നതിൽ ഇന്ത്യൻ അധികൃതർക്കുണ്ടായ വീഴ്‌ചയാണ്‌ പ്രശ്‍നം വഷളാക്കിയതെന്നു പല  പ്രമുഖരും കുറ്റപ്പെടുത്തുന്നു. മുൻ വിദേശകാര്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ  കരൺസിംഗ് നേപ്പാളുമായി സഹസ്രാബ്ദങ്ങളായി നിലനിൽക്കുന്ന ഇന്ത്യയുടെ ബന്ധങ്ങൾ ചൂണ്ടിക്കാട്ടി ഇന്നലെ പറഞ്ഞത്, പ്രശ്‍നം ഉയർന്നപ്പോൾ തന്നെ അതിൽ ഇടപെട്ടു പരിഹാരം തേടുന്നതിൽ ഇന്ത്യയ്ക്കുണ്ടായ വീഴ്ചയാണ് സ്ഥിതിഗതികൾ വഷളാക്കിയതെന്നാണ്.  അതേസമയം, നേപ്പാളിന്റെ  പരമ്പരാഗത ബന്ധുവായ ഇന്ത്യയുമായി തർക്കങ്ങൾ  കുത്തിപ്പൊന്തിക്കുന്നതു നേപ്പാളിന്‌ ദീർഘകാടിസ്ഥാനത്തിൽ ദോഷം ചെയ്യും എന്നും കരൺസിംഗ് ചൂണ്ടിക്കാട്ടി. കാശ്മീരി രാജകുടുംബത്തിലെ അംഗമായ കരൺസിംഗ് വിവാഹം ചെയ്തത് നേപ്പാൾ രാജകുടുംബത്തിൽ നിന്നാണ്.

ഇന്ത്യയും നേപ്പാളും  തമ്മിൽ കാലങ്ങളായി “റൊട്ടി ബേട്ടി വ്യവഹാര”ങ്ങൾ നിലനിൽക്കുന്ന കാര്യം ഇന്നലെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ചൂണ്ടിക്കാട്ടി. അതിനാൽ ചർച്ച വഴി പ്രശ്‍നം പരിഹരിക്കാൻ കഴിയുമെന്നും രാജ്‌നാഥ് സിങ് പ്രതീക്ഷ പ്രകടിപ്പിച്ചു.

എന്നാൽ നേപ്പാളുമായി  ഉടനൊരു ചർച്ചയുടെ സാധ്യതയില്ലെന്നാണ് ഇന്ത്യയുടെ വിദേശകാര്യ വകുപ്പിലെ ഉന്നതർ പറയുന്നത്. വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കറിന്റെയും നിലപാട് അതാണെന്നറിയുന്നു. അനവസരത്തിൽ ഇങ്ങനെയൊരു  തർക്കം ഉയർത്തിയതും ഏകപക്ഷീയമായി ഭൂപടം മാറ്റിവരച്ചു കാര്യങ്ങൾ ഗുരുതരമായ സ്ഥിതിയിലേക്ക് കൊണ്ടുപോയതും നേപ്പാൾ പ്രധാനമന്ത്രി കെ പി ഒലിയാണെന്ന്  വിദേശകാര്യ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു.  അതിർത്തി പ്രശ്‍നം മാത്രമല്ല, നേപ്പാളിൽ കൊറോണാ ബാധയ്ക്കു കാരണവും ഇന്ത്യയാണെന്ന് അദ്ദേഹം പാര്‍ലമെന്റ് വേദിയിൽ  ആരോപണം ഉന്നയിക്കുകയുണ്ടായി. ഇത് വസ്തുതകൾക്ക് വിരുദ്ധമാണ്. നേപ്പാളി പ്രവാസികൾ ചുരുക്കം പേർ മാത്രമാണ് ഇന്ത്യയിൽ നിന്ന് അങ്ങോട്ട് തിരിച്ചുപോയത്. രോഗവ്യാപനം തടയാൻ അതിർത്തി അടച്ചിടുകയും ചെയ്‌തിട്ടുണ്ട്‌. അതിനാൽ ഇക്കാര്യത്തിൽ ഇന്ത്യയുടെ നേരെയുള്ള ആരോപണങ്ങൾ മറ്റു ചില ലക്ഷ്യങ്ങൾ മുൻനിർത്തിയാണെന്നു വിദേശകാര്യ വകുപ്പിലെ ഉന്നതർ നിരീക്ഷിക്കുന്നു.

ഇതു ചൈനയുമായി സമീപകാലത്തു ഉയർന്നുവന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിൽ കാണണമെന്ന് പല നിരീക്ഷകരും അഭിപായപ്പെടുന്നുണ്ട്. ചൈനാ തർക്കങ്ങളുടെ പിന്നിലെ യഥാർത്ഥ പ്രശ്‍നം ചൈനക്കെതിരെ അമേരിക്ക നടത്തുന്ന നയതന്ത്ര-സാമ്പത്തിക കടന്നാക്രമണത്തിൽ ഇന്ത്യ അമേരിക്കൻ അനുകൂല സമീപനം സ്വീകരിക്കുന്നതായുള്ള ചൈനയുടെ വിലയിരുത്തലാണെന്നു മുൻ ദേശീയ സുരക്ഷാ ഉപദേശകൻ  എം കെ നാരായണൻ അഭിപ്രായപ്പെടുന്നു. ഇന്ത്യ കൂടുതൽ അമേരിക്കൻ ഭാഗത്തേക്ക് ചായുന്നതായാണ് ചൈന കാണുന്നത്. അതിനാൽ ഇന്ത്യയുടെ നേരെയുള്ള ചൈനയുടെ നിലപാട് കൂടുതൽ കർക്കശമാവുകയുമാണ്. ലഡാക്, സിക്കിം അതിർത്തിയിലെ പ്രശ്നങ്ങൾ  മാത്രമല്ല രണ്ടു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന നേപ്പാളിന്റെ ഇപ്പോഴത്തെ കർക്കശ സമീപനത്തിന് പിന്നിലും ചൈനയുടെ  കരങ്ങളുണ്ടെന്നു ചില നിരീക്ഷകർക്ക് അഭിപ്രായമുണ്ട്.  

Leave a Reply