ചൈനാ അതിർത്തിയിലെ സംഘർഷം; നാളെ സർവകക്ഷി യോഗം

ന്യൂ ദൽഹി: ചൈനാ അതിർത്തിയിൽ പ്രശ്നങ്ങൾ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി   വിളിച്ച സർവകക്ഷി യോഗം വെള്ളിയാഴ്ച നടക്കും. ഇന്ത്യയുടെ ഭാഗത്തു നിന്നു ആർക്കെതിരെയും ഒരു പ്രകോപനവും ഉണ്ടാവുകയില്ലെന്നും എന്നാൽ അതിർത്തിയിൽ രാജ്യത്തിന്‍റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഒരു വിട്ടു വീഴ്ചയുമില്ലെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു.അതേസമയം തർക്കമുള്ള  പ്രദേശങ്ങളിൽ ഇരുസൈന്യങ്ങളുടെയും പിൻവാങ്ങൽ സംബന്ധിച്ച മേജർ ജനറൽ തലത്തിലുള്ള ചർച്ചകൾ ഇന്നും തുടരും.ഇന്നലെ നടന്ന ചർച്ചകൾ തർക്കവിഷയങ്ങളിൽ തട്ടി  അവസാനിപ്പിക്കുകയായിരുന്നു.

അതിർത്തിയിൽ അഞ്ചിടങ്ങളിലെങ്കിലും  ചൈനയുടെ കടന്നാക്രമണം  നടന്നതായാണ് ഇന്ത്യൻ അധികൃതർ പറയുന്നത് . ജൂൺ ആറിന് ചൈനീസ് അതിർത്തിക്കകത്തുള്ള മോൾഡോയിൽ ലെഫ്റ്റനന്‍റെ ജനറൽ തലത്തിൽ നടന്ന ചർച്ചയിൽ ഇരുസേനകളും മുൻ നിലയിലേക്ക് പിൻവാങ്ങുന്നത് സംബന്ധിച്ച ധാരണയായിരുന്നു.എന്നാൽ അതു സംബന്ധിച്ചു  പരിശോധന നടത്തിയ 16 ബീഹാർ റെജിമെന്റിലെ സൈനികർക്കു നേരെ സിക്കിമിലെ ഗൾവാൻ പ്രദേശത്തു ചൈനീസ്‌ സൈന്യം നടത്തിയ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ  മരിച്ചു .ചൈനീസ് ഭാഗത്തും ആൾനാശമുണ്ടായതായി ചൈനീസ് പത്രമായ ഗ്ലോബൽ ടൈംസ് പത്രാധിപർ ഒരു ട്വീറ്റിൽ അറിയിച്ചിരുന്നു .എന്നാൽ എത്രപേർ മരിച്ചുവെന്ന് ചൈന വെളിപ്പെടുത്തിയിട്ടില്ല. ചൈനീസ് വാർത്താവിനിമയ സംവിധാനങ്ങൾ ശ്രവിച്ച ഇന്ത്യൻ സേനാവിഭാഗങ്ങൾ 43പേർ മരിച്ചതായി അറിയിച്ചുവെന്നു എഎൻഐ വാർത്താ ഏജൻസി അറിയിച്ചു.

അതിർത്തിയിൽ  സംഘർഷം പുകയുന്നതിനിടയിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഭടന്മാരുടെ മൃതദേഹങ്ങൾ പൂർണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. ആയിരക്കണക്കിന് ആളുകൾ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.

ചൈനയുടെ നേരെയുള്ള പ്രതിഷേധ പ്രകടനത്ത്തിന്‍റെ ഭാഗമായി  പലേടത്തും ചൈനീസ് നേതാക്കളുടെ കോലം കത്തിച്ചു. ചൈനീസ് ഉത്പന്നങ്ങൾ നിരോധിക്കണമെന്ന് ചില സംഘടനകൾ ആവശ്യപ്പെട്ടു. വ്യാപകമായി അത്തരം ഉത്പന്നങ്ങൾ അഗ്നിക്കിരയാക്കിയിട്ടുമുണ്ട്. എന്നാൽ  ചൈനയുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള നീക്കങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ മോശമാക്കുമെന്നും അതു ഇന്ത്യക്കുതന്നെ കൂടുതൽ ദോഷം ചെയ്യുമെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പത്രമായ ഗ്ലോബൽ ടൈംസ് ഇന്ന് ലേഖനത്തിൽ മുന്നറിയിപ്പ് നൽകി.

Leave a Reply