കോവിഡ് പ്രതിരോധത്തിൽ ധാരാവിയുടെ മുന്നേറ്റം ഐതിഹാസികം

പ്രത്യേക പ്രതിനിധി

മുംബൈ: ലോകത്തെ തന്നെ ഏറ്റവും വലിയ ചാളകളിൽ ഒന്നായ ധാരാവിയിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതു മഹാരാഷ്ട്ര സർക്കാരിന് ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു. കാരണം ധാരാവിയിൽ കോവിഡിനെ  പ്രതിരോധിക്കാൻ അനിവാര്യമായ സൗകര്യങ്ങൾ ഒന്നുമില്ല. തിങ്ങിനിറഞ്ഞ ചാളകളിൽ സാമൂഹിക അകലം പാലിക്കൽ സ്വപ്നം കാണാൻ പോലും സാധ്യമല്ല. വ്യക്തിശുചിത്വം അസാധ്യം. കാരണം പല കുടുംബങ്ങളും ഒരേയൊരു കക്കൂസും കുളിമുറിയുമാണ് പങ്കുവെക്കുന്നത്.  അവിടെ കഴിഞ്ഞു കൂടുന്ന  ജനങ്ങളാവട്ടെ, വിദ്യാസമ്പന്നരല്ല. എങ്ങനെ രോഗപ്രതിരോധം സാധ്യമാക്കാം എന്ന വിഷയം ആഗോളതലത്തിൽ തന്നെ ചർച്ചാവിഷയമായി.

ഏപ്രിൽ തുടക്കത്തിലാണ് ധാരാവിയിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയത്. അതു  അപ്പോൾത്തന്നെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധാരാവിയിൽ  നിയന്ത്രണം വിട്ടാൽ അതിന്റെ ഭവിഷ്യത്തുകൾ അചിന്തനീയമായിരുന്നു. ഒരു ചതുരശ്ര കിലോമീറ്റർ സ്ഥലത്തു  പത്തുലക്ഷം ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ്. പലയിടത്തുനിന്നും കേറിവന്ന കൂട്ടർ;  പല ഭാഷക്കാർ. നിത്യത്തൊഴിലിനു നഗരത്തിൽ അലയുന്നവർ. എട്ടടി വീതിയും നീളവുമുള്ള മറച്ചുകെട്ടിയ കുടിലുകളിൽ ഡസൻ കണക്കിന് ആളുകളാണ് കഴിഞ്ഞുകൂടുന്നത്. ധാരാവിയിൽ  കാര്യങ്ങൾ കൈവിട്ടുപോയാൽ മുംബൈ നഗരം പൂർണമായും തകരും എന്നു തീർച്ചയായിരുന്നു.    

എന്നാൽ മൂന്നുമാസത്തെ ഭഗീരഥ പ്രയത്നത്തിന്റെ ഫലമായി മുംബൈയിലെ ആരോഗ്യപ്രവർത്തകർ അസാധ്യമായത് കൈവരിച്ചിരിക്കുന്നു എന്ന പ്രതീതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഏപ്രിൽ മാസത്തിൽ 491കേസുകൾ ഉണ്ടായിരുന്ന ധാരാവിയിൽ മെയ് മാസത്തിൽ അതു 1216 ആയി കുതിച്ചുയർന്നിരുന്നു. എന്നാൽ ജൂൺ മധ്യത്തോടെ അത്   274 ആയി ചുരുക്കിക്കൊണ്ടുവ രാൻ അധികൃത ർക്കു കഴിഞ്ഞു എന്ന് ഇന്നലെ ലോസ് ആഞ്ചലസ്ടൈംസ് പ്രസിദ്ധീകരിച്ച പ്രത്യേക റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇതിനകം ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 2000ൽ അധികമാണ്; മരണം 79. എന്നാൽ ജൂണിൽ മരണം ആറു മാത്രം. മുംബൈയിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും രോഗവ്യാപനവും മരണവും കുതിച്ചുയരുമ്പോൾ ധാരാവിയുടെ വിജയം ശ്രദ്ധേയമാണെന്നു ആരോഗ്യവിദഗ്ധർ പറയുന്നു.

ധാരാവിയിൽ കാര്യങ്ങൾ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ആരോഗ്യപ്രവർത്തകരെ സഹായിച്ചത് മൂന്നു പ്രധാന തന്ത്രങ്ങളിൽ അവർ ഊന്നൽ കൊടുത്തതു കൊണ്ടാണെന്നു വാഷിങ്‌ടണിലെ സെന്റർ ഫോർ ഡിസീസ് ഡയനാമിക്‌സ്, ഇക്കണോമിക്സ് &പോളിസി  എന്ന ചിന്താസ്ഥാപനത്തിലെ  പണ്ഡിതൻ രമണൻ ലക്ഷ്മിനാരായണൻ വിശദീക രിക്കുന്നു. രോഗിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്തൽ, അവരെ സമൂഹത്തിൽ നിന്ന് മാറ്റിനിർത്തൽ,   ക്വാറന്റൈൻ ഉറപ്പുവരുത്തൽ എന്നീ കാര്യങ്ങളാണ് അധികൃതർ  കർശനമായി നടപ്പിൽ വരുത്തിയത്. അതിനായി ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും  പ്രദേശത്തെ ഡോക്ടർമാരും ഒത്തൊരുമിച്ച പ്രവർത്തനമാണ് നടത്തിയത്. സർക്കാർ  സംവിധാനങ്ങൾ പരിമിതമായതിനാൽ സ്ഥലത്തു വർഷങ്ങളായി പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരുടെ സേവനം വളരെ സഹായകരമായതായി പ്രതിരോധപ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുത്ത മുംബൈ അസിസ്റ്റൻറ് കമ്മീഷണർ കിരൺ ദിഗ്‌വികർ പറയുന്നു. രോഗികൾ സർക്കാർ സംവിധാനങ്ങളിൽ എത്തുന്നത്  കാത്തിരിക്കാതെ ആരോഗ്യപ്രവർത്തകർ വീടുതോറും കയറിയിറങ്ങി. വിപുലമായ മട്ടിൽ ടെസ്റ്റിങ് നടത്തി, ജനങ്ങളെ ബോധവത്കരിച്ചു. ഏപ്രിൽ രണ്ടാം വാരം ആയപ്പോഴേക്കും 47,500  ടെസ്റ്റുകൾ അവർ നടത്തിക്കഴിഞ്ഞിരുന്നു. അക്ഷീണമായ പ്രവർത്തനമാണ് അതിനായി ഓരോ ടീമും ദിവസവും രാവിലെ ഒൻപതു മുതൽ രാത്രി വരെ നടത്തിയത് . സംരക്ഷണ കവചം ധരിച്ചു നീണ്ട മണിക്കുറുകൾ പ്രവർത്തികയെന്നു  പറഞ്ഞാൽ  എളുപ്പമല്ല. ഒരുതുള്ളി വെള്ളം കുടിക്കാനാവില്ല;  മൂത്രവി സർജ്ജനവും അസാധ്യം.  ഈ പ്രവർത്തങ്ങൾക്കിടയിൽ 30 ആരോഗ്യപ്രവർത്തകർക്കു രോഗബാധയുണ്ടായി; ഒരാൾ മരിച്ചു.  പക്ഷേ അതാണ് ധാരാവിയെ രക്ഷിച്ചത്. പരിശോധനയിൽ രോഗലക്ഷണം പ്രകടിപ്പിച്ചവരിൽ 20 ശതമാനം പേർക്കും കോവിഡ്  ബാധയുണ്ടെന്നു  കണ്ടെത്തി. അവരെ തുടക്കത്തിൽ തന്നെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കും  ആശുപത്രികളിലേക്കും മാറ്റിയത് രോഗം പടരുന്നത് തടയാൻ സഹായകമായി.

ഏപ്രിൽ അവസാനത്തോടെ വീടുതോറുമുള്ള അന്വേഷണം അവസാനിപ്പിക്കാൻ സാധ്യമായി. പിന്നീട് കോളനിയിലെ 350 ൽ അധികം വരുന്ന സ്വകാര്യ ക്ലിനിക്കുകൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ ആവശ്യപ്പെട്ടു. നേരത്തെ നടത്തിയ ഗൃഹസന്ദർശനം വഴി  ജനങ്ങളെ ബോധവത്കരിച്ചതിനാൽ അവർ രോഗലക്ഷണം കണ്ടാൽ ഉടൻ ഡോക്ടർമാരെ കാണാൻ തയ്യാറായി. രോഗപ്രതിരോധത്തിൽ ഈ  സ്വകാര്യ കിളിനിക്കുകൾ  ധാരാവിയിലെ പ്രധാന കവചങ്ങളായി മാറി. 

രോഗവുമായുള്ള ഏറ്റുമുട്ടലിന്റെ ആദ്യഘട്ടത്തിൽ വിജയിച്ചുവെങ്കിലും  യുദ്ധം ഇനിയും അവസാനിച്ചിട്ടില്ലെന്നു ലക്ഷ്മിനാരായണനും കിരൺ ദിഗ്‌വികരും ചൂണ്ടിക്കാണിക്കുന്നു. കോവിഡിന്റെ ഒരു രണ്ടാം  വരവ് പ്രതീക്ഷിക്കണം; കാരണം നേരത്തെ കോളനി വിട്ടുപോയ ഒരു ലക്ഷത്തിലേറെ വരുന്ന പ്രവാസി  തൊഴിലാളികൾ വീണ്ടും മുംബൈയിലേക്ക്‌ തൊഴിൽ തേടി വരാൻ ആരംഭിച്ചിരിക്കുന്നു. അവർക്കു ആശ്രയം ധാരാവി തന്നെ. അതിനാൽ  രോഗപരിശോധനയും കോവിഡ് ടെസ്റ്റിംഗും സൗജന്യമായി നടത്താനുള്ള സംവിധാനങ്ങൾ ധാരാവിയിൽ തുടരുന്നു; നിതാന്തമായ ജാഗ്രതയാണ്  രോഗ ഭീഷണിയെ നേരിടാനുള്ള ഒരേയൊരു മാർഗമെന്ന് അവർ തിരിച്ചറിയുന്നു.

Leave a Reply