കോവിഡ് അടച്ചിടൽ കഴിഞ്ഞു; പക്ഷേ വിപണി നിർജീവമായി തുടരുന്നു

പ്രത്യേക പ്രതിനിധി

കോഴിക്കോട്: കോവിഡ് അച്ചിടൽ  മൂന്നുമാസം പൂർത്തിയാകുമ്പോൾ താങ്ങാനാവാത്ത ജീവിതച്ചെലവും  വരുമാനത്തിലെ ഗുരുതരമായ ഇടിവുമാണ് ജനജീവിതത്തെ താറുമാക്കുന്നത്.

കേരളത്തിൽ മാർച്ച് 10 മുതൽ കോവിഡ് അനുബന്ധ നിയന്ത്രണങ്ങൾ ആരംഭിച്ചിരുന്നു. മാർച്ച് 25 മുതലാണ് കടകളും മറ്റു തൊഴിൽ സ്ഥാപനങ്ങളും ഗതാഗത സംവിധാനവും അടച്ചിടുന്ന സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ  വന്നത്. ദശലക്ഷക്കണക്കിന് സാധാരണക്കാർ തൊഴിലിൽ  നിന്നും പുറത്തായി.

അടച്ചിടൽ ഒഴിവാക്കി കടകമ്പോളങ്ങളും സാമ്പത്തിക പ്രവർത്തനങ്ങളും വീണ്ടും ആരംഭിക്കാനുള്ള ശ്രമം ജൂൺ 8 മുതൽ തുടങ്ങിയെങ്കിലും സ്ഥിതിഗതികൾ ഗുരുതരമായി തുടരുകയാണ്. കടകൾ തുറന്നെങ്കിലും കച്ചവടം കാര്യമായി നടക്കുന്നില്ല. ബസ്സുകളിൽ ഉയർന്ന ചാർജ് വീണ്ടും ഈടാക്കാൻ കോടതി ഉത്തരവിട്ടെങ്കിലും യാത്രക്കാർ വളരെ കുറവ്. തീവണ്ടികൾ പലതും വീണ്ടും യാത്ര ആരംഭിച്ചെങ്കിലും സീറ്റുകളിൽ 90  ശതമാനം വരെ കാലിയായാണ് പോകുന്നത്. പകൽ യാത്രയ്ക്ക് നേരത്തെ ഏറ്റവും കൂടുതൽ പേർ ആശ്രയിച്ചിരുന്ന  ജനശതാബ്ദി എക്സ്പ്രസ്സിൽ യാത്രക്കാർ വളരെ കുറവായതിനാൽ ബോഗികൾ 18ൽ നിന്ന് പത്തായി കുറയ്ക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു..യാത്ര  പുനരാരംഭിച്ച മറ്റു ദീർഘദൂര, ഹൃസ്വ ദൂര തീവണ്ടികളുടെയും സ്ഥിതി അതുതന്നെ.

ഭക്ഷ്യവസ്തുക്കളിൽ അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളും പരിപ്പ്, കടല, ചെറുപയർ തുടങ്ങിയ നിത്യോപയോഗ ഇനങ്ങളും കമ്പോളത്തിൽ ധാരാളമായി സ്റ്റോക്കുണ്ട്. ലോക്ക്ഡൗൺ തുടങ്ങിയ ആഴ്ചകളിൽ ആളുകൾ ഭീതി കാരണം സാധനങ്ങൾ കൂടുതൽ വാങ്ങി സംഭരിച്ച വേളയിൽ കുതിച്ചുയർന്ന വിലകൾ ഇപ്പോൾ മുൻ അവസ്ഥയിലേക്ക് തിരിച്ചു എത്തിയതായി വ്യാപാരികൾ പറയുന്നു. ഇത്തരം ഇനങ്ങൾക്ക് ലഭ്യതക്കുറവില്ല, മാത്രമല്ല ഇത്തവണ മെച്ചപ്പെട്ട വിളവെടുപ്പാണ് ഉണ്ടായതും. അതിനാൽ അവശ്യവസ്തുക്കളുടെ വിലക്കയറ്റം വലിയ പ്രശ്നമല്ല. എന്നാൽ സാധാരണക്കാർ കേരളത്തിൽ ധാരാളമായി ഉപയോഗിക്കുന്ന  മൽസ്യം, കോഴി തുടങ്ങിയ ഇനങ്ങളുടെ വില കുതിച്ചു കയറുകയാണ്. ഈയാഴ്ച  ട്രോളിംഗ് നിരോധനം കൂടി വരുന്നതോടെ  മൽസ്യം കിട്ടാക്കനിയാകും. അതേസമയം, മാർച്ച്-ഏപ്രിൽ മാസങ്ങളിൽ  കോവിഡ്   ഭീതിയുടെ പേരിൽ വിൽപന കുറഞ്ഞ കോഴി വിപണി വീണ്ടും സജീവമായി. വില ഏതാനും  ആഴ്ചക്കിടെ 180 രൂപയിൽ നിന്ന് 225-230 രൂപയിലെത്തി. ട്രോളിംഗ് മാസങ്ങളിൽ കോഴി വില വീണ്ടും കൂടുമെന്നു വ്യാപാരികൾ പറയുന്നു .

തൊഴിൽ  രംഗത്തും കാര്യമായ ഒരു  ഉണർവും ജൂൺ 8നു ശേഷമുള്ള തുറക്കൽ ദിനങ്ങളിൽ പ്രത്യക്ഷമായിട്ടില്ല. ഓട്ടോറിക്ഷകളും ബസ്സുകളും വീണ്ടും നിരത്തിലിറങ്ങി. പക്ഷേ വരുമാനം വളരെ കുറഞ്ഞതായി തൊഴിലാളികൾ ചൂണ്ടിക്കാട്ടി.അതേസമയം പെട്രോൾ ,ഡീസൽ വില  വർധിക്കുകയുമാണ്

പൊതുവിൽ മഴക്കാലം കേരളത്തിൽ പഞ്ഞമാസങ്ങൾ എന്നാണ്

 അറിയപ്പെടുന്നത്. പുറം ജോലികൾ മഴ കാരണം അസാധ്യമാകും. നിർമാണ മേഖലയിലും മറ്റും അകത്തെ പണികൾക്കാണ് ഈ സമയത്തു ആളുകളെ വേണ്ടത്. പക്ഷേ  പ്രവർത്തനങ്ങൾ മന്ദീഭവിച്ച അവസ്ഥയിലാണ്. നിർമാണ മേഖലയിൽ പ്രവർത്തിച്ച പ്രവാസിതൊഴിലാളികൾ തിരിച്ചെത്തിയില്ല. നിർമാണസാമഗ്രികളുടെ വില കുതിച്ചുയരുകയുമാണ്. ഡൽഹി, ആഗ്ര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു വന്നുകൊണ്ടിരുന്ന ഹാർഡ് വെയർ സാധനങ്ങൾ ഇപ്പോൾ നാലിലൊന്നു മാത്രമാണ് വരുന്നതെന്ന് ഒരു മൊത്തവ്യാപാരി പറഞ്ഞു. വിലയിലാകട്ടെ, 25-30 ശതമാനം വർധനവും വന്നിരിക്കുന്നു. ഉല്പാദനചെലവ് കൂടിയതും അടച്ചിടൽ കാലത്തെ നഷ്ടവുമാണ് നിർമാണ മേഖലയിലെ സാമഗ്രികളുടെ വിലക്കയറ്റത്തിന് കാരണം.

വാഹന വിപണിയിലും  ഉണർവില്ല. ഏറ്റവും കൂടുതൽ കാറുകളും മറ്റു വാഹനങ്ങളും വിറ്റു പോയിരുന്ന കോഴിക്കോട് വിപണിയിൽ ഇപ്പോൾ നിശ്ചലാവസ്ഥയാണ്. മാരുതി മുതൽ മെഴ്‌സിഡസ് ബെൻസ് വരെ വില്പന നടന്നുവന്ന നടക്കാവ് മേഖലയിലെ ഷോറൂമുകളിൽ ഇപ്പോൾ ആളില്ല. നേരത്തെ വാഹനവിപണിയിൽ ഏറ്റവും സജീവമായിരുന്ന പ്രവാസികൾ നാട്ടിലെത്താൻ പരക്കം പാച്ചിലിലാണ്. ഇപ്പോൾ പുതിയ വാഹനം വാങ്ങാനല്ല, ഉളളതു വിറ്റു ഒഴിവാക്കാണ് മിക്കയാളുകളും ശ്രമിക്കുന്നത് –ഒരു  പ്രമുഖ ഷോറൂം ഉടമയുടെ വാക്കുകളാണിത്. 

Leave a Reply