കുഞ്ഞാലിക്കുട്ടി രാജിവെച്ചു ;ഇനി പയറ്റ് കേരള രാഷ്ട്രീയത്തിൽ

 

കോഴിക്കോട്: മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയും മലപ്പുറം മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗവുമായ പി കെ കുഞ്ഞാലിക്കുട്ടി ലോക്സഭയിലെ അംഗത്വം രാജിവെച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര  കോഴിക്കോട് ജില്ലയിൽ പ്രവേശിക്കുന്നതോടെ ജാഥയിൽ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം ഉണ്ടാകണം എന്നാണ് പാർട്ടിയും മുന്നണിയും തീരുമാനിച്ചിരിക്കുന്നത്. ജാഥ അഞ്ച്, ആറ് തിയ്യതികളിൽ മലപ്പുറം ജില്ലയിലാണ് പര്യടനം.

പകരം  ആര് പാർലമെന്റിലേക്ക് മത്സരിക്കും എന്ന ചോദ്യം ഇതിനകം പാർട്ടി വൃത്തങ്ങളിൽ സജീവമാണ്. കേരളത്തിൽ നിന്നു ലോക്സഭയിൽ ഇ ടി  മുഹമ്മദ് ബഷീറും രാജ്യസഭയിൽ പി വി  അബ്ദുൽ വഹാബും അംഗങ്ങളാണ്.  വഹാബിന്റെ രാജ്യസഭാ കാലാവധി അധികം വൈകാതെ അവസാനിക്കും. എന്നാൽ മൂന്നാം തവണയും രാജ്യസഭയിലേക്ക് നാമനിർദേശം ലഭിക്കണമെന്ന വാശിയിലാണ്  പ്രമുഖ വ്യവസായി കൂടിയായ അബ്ദുൽ വഹാബ്. പാണക്കാട് ഹൈദരലി തങ്ങളുമായി സമീപകാലത്തു ഉണ്ടാക്കിയ ദൃഢബന്ധങ്ങൾ മൂന്നാം ഊഴത്തിനു  സഹായകമാകും എന്നാണ് കണക്കുകൂട്ടൽ.

എന്നാൽ   പാർട്ടിയിലെ യുവജന വിഭാഗങ്ങൾ അതിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യസഭയിൽ പേയ്മെന്റ് സീറ്റുകൾക്ക് പകരം ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന യുവനേതാക്കൾക്കു സ്ഥാനം നൽകണം എന്നാണ് അവരുടെ ആവശ്യം. യൂത്ത്‌ലീഗ് ദേശീയ സെക്രട്ടറി സി കെ സുബൈറിനെയാണ് അവരിൽ പലരും പിന്താങ്ങുന്നത്. കത്വ പെൺകുട്ടിയുടെ ബലാത്സംഗക്കൊല അടക്കമുള്ള ദേശീയവിഷയങ്ങളിൽ സുബൈർ നടത്തിയ ശക്തമായ ഇടപെടലുകൾ മാധ്യമശ്രദ്ധ നേടിയതുമാണ്. മറ്റൊരു പ്രമുഖ യുവ നേതാവ് പി കെ ഫിറോസ് നിയമസഭയിലേക്കാണ് താല്പര്യം പ്രകടിപ്പിക്കുന്നത്.

എന്നാൽ  പാണക്കാട് ചുറ്റിപ്പറ്റിയുള്ള സ്ഥാപിത താല്പര്യങ്ങൾ അതിനെതിരെ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.  യൂത്തലീഗിൽ നിന്നു ഈയിടെ പുറത്തുപോയ യൂസുഫ് പട നിലം കഴിഞ്ഞദിവസം സുബൈർ, ഫിറോസ് എന്നിവരെ  ലക്ഷ്യമിട്ടു നടത്തിയ അഴിമതി ആരോപണം അത്തരമൊരു പശ്ചാത്തലത്തിലാണ്‌ ശ്രദ്ധേയമാകുന്നത്.  കത്വ, ഉന്നാവോ ഇരകളുടെ   കുടുംബങ്ങളെ സഹായിക്കുന്നതിനു പിരിച്ച 50 ലക്ഷത്തോളം രൂപയിൽ ഇരുനേതാക്കളും ചേർന്നു 15 ലക്ഷം വകമാറ്റിയെടുത്തു എന്നാണ് ആരോപണം. ഇരുവർക്കും സീറ്റു നിഷേധിക്കാൻ പാർട്ടി നേതൃത്വത്തെ നിർബന്ധിക്കുകയാണ് അതിന്റെ ലക്ഷ്യമെന്ന് പാർട്ടിയിൽ യുവജനവിഭാഗം കരുതുന്നു. നേതൃത്വത്തെ സ്വാധീനങ്ങൾക്കും സമമർദ്ദങ്ങൾക്കും  വിധേയമാക്കി സ്ഥാനമാനങ്ങൾ പിടിച്ചെടുക്കുന്ന പരിപാടി ലീഗിൽ പണ്ടേയുള്ളതാണ്.ഇത്തവണ അത്തരം പ്രവണതകൾ കൂടുതൽ ശക്തമാണ്.

കഴിഞ്ഞ ദിവസം ഇ അഹമ്മദ് അനുസ്മരണവേദിയിൽ അതിന്റെ ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതായി നിരീക്ഷകർ പറയുന്നു. വർഷങ്ങൾക്കുമുമ്പ് അഹമ്മദിനെ കേരളത്തിൽ നിന്നും  ഡൽഹിയിലേക്ക് അയച്ചത് കുഞ്ഞാലിക്കുട്ടിയുടെ അജണ്ടയുടെ ഭാഗമായിരുന്നു എന്നു ഒരു വിഭാഗം ചുണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ പാണക്കാട് തങ്ങൾ ഏല്പിച്ച ചുമതല അഹമ്മദ് യാതൊരു മടിയും കൂടാതെ നിർവഹിച്ചുവെന്നും അദ്ദേഹം ഒരിക്കലും അതിൽ വിഷമം പ്രകടിപ്പിച്ചില്ലെന്നുമുള്ള  വഹാബിന്റെ പ്രസംഗത്തിലെ  പ്രസ്താവന കുഞ്ഞാലിക്കുട്ടിയെ  പരോക്ഷമായി വിമർശിക്കുന്നതാണ് എന്നാണ് വിലയിരുത്തൽ.  

കുഞ്ഞാലിക്കുട്ടി നാളെ സംസ്ഥാനത്തു തിരിച്ചെത്തുന്നതോടെ യുഡിഎഫിലും ലീഗിലും നിരവധി പുതിയ മാറ്റങ്ങൾ പ്രത്യക്ഷമാകും എന്ന വിലയിരുത്തൽ നിരീക്ഷകർ പങ്കുവെക്കുന്നു.  ലോക്സഭയിലേക്കും നിയമസഭയിലേക്കുമുള്ള സ്ഥാനാർഥി നിർണയവും അജണ്ടയിൽ  പ്രധാന സ്ഥാനത്തു വരും. 

Leave a Reply