കാലടി സർവകലാശാലയിലെ നിയമന അട്ടിമറി;സംഘർഷവും പോലീസ് മർദ്ദനവും

തിരുവനന്തപുരം: കാലടി ശ്രീശങ്കരാ സർവകലാശാലയിൽ മലയാളം വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി  സിപിഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യക്കു യോഗ്യതാപ്പട്ടിക അട്ടിമറിച്ചു നിയമനം നല്കിയതിനെതിരെ  സർവകലാശാലാ ആസ്ഥാനത്തും തലസ്ഥാനത്തു സെക്രെട്ടറിയറ്റിനു മുന്നിലും ശക്തമായ വിദ്യാർത്ഥി -യുവജന പ്രക്ഷോഭം.  രണ്ടിടങ്ങളിലും പോലീസ് സമരക്കാരെ തടയാൻ ബലം പ്രയോഗിച്ചു. സംഘർഷത്തിൽ നിരവധി പേർക്കു പരിക്കുണ്ട്.

ഈ മാസം ഒന്നിനാണ് വിവാദമായ നിയമനം നടക്കുന്നത്. മുസ്ലിം സംവരണസീറ്റിൽ റാങ്കുപട്ടികയിൽ ആദ്യ മൂന്നു റാങ്കിൽ സ്ഥാനം പിടിച്ച  ഉദ്യോഗാർത്ഥികളെ അവഗണിച്ചു കൊണ്ടാണ് പട്ടികയിൽ ഇല്ലാത്ത ഒരാളെ വൈസ് ചാൻസലറും സർവകലാശാലയിലെ മറ്റു അധികൃതരും ചേർന്നു നിയമിച്ചതെന്നാണ് ആരോപണം. നിയമനം ലഭിച്ച നിനിതാ  ആർ കണിച്ചേരി സിപിഎം മുൻ എംപി എംബി രാജേഷിന്റെ ഭാര്യയും മുൻ സ്കൂൾ അധ്യാപക സംഘടനാ നേതാവ് റഷീദ് കണിച്ചേരിയുടെ മകളുമാണ്. അപേക്ഷ സമർപ്പിക്കുന്ന സമയത്തു  സ്കൂൾ അധ്യാപികയായിരുന്ന നിനിതയ്ക്കു പിഎച്ച്ഡി ബിരുദം ലഭിച്ചതും ഒരുവർഷം കഴിഞ്ഞശേഷമാണ്.  കോളേജ് അധ്യാപന പരിചയവും പിഎച്ച്ഡി അടക്കമുള്ള നിശ്ചിത യോഗ്യതകളും അക്കാദമിക പ്രബന്ധങ്ങളടക്കമുള്ള അധിക യോഗ്യതകളുമുള്ള ഉദ്യോഗാർത്ഥികളെ തഴഞ്ഞാണ് നിയമനം നടത്തിയത്.

ഇത് സംബന്ധിച്ചു തങ്ങളുടെ പ്രതിഷേധം  രേഖപ്പെടുത്തി ഇന്റർവ്യൂ ബോർഡിൽ അംഗങ്ങളായിരുന്ന മൂന്നു വിഷയവിദഗ്ധർ വൈസ് ചാൻസലർ ധർമരാജ് അടാട്ടിനു അയച്ച കത്തിന്റെ പകർപ്പും ഇന്ന് പുറത്തുവന്നിട്ടുണ്ട്. യോഗ്യതാ  മാനദണ്ഡങ്ങൾ നിയമനത്തിൽ പരിഗണക്കുന്നില്ലെങ്കിൽ എന്തുകൊണ്ടാണ് സർവകലാശാല തങ്ങളെ ഇന്റർവ്യൂ ബോർഡിൽ നിയമിച്ചത് എന്ന് ഡോ. പി പവിത്രൻ, ഡോ. ഉമ്മർ തറമേൽ, ഡോ. കെ എം  ഭരതൻ എന്നിവർ ഒപ്പിട്ടു അയച്ച കത്തിൽ   ചോദിക്കുന്നു. എന്നാൽ ഈ കത്തു സർവകലാശാലയിൽ കിട്ടിയ ഉടനെ അത് വിസിയുടെ ഓഫീസിൽ നിന്ന് സിപിഎം നേതാവ് രാജേഷിനു അയച്ചു കൊടുത്തതായാണ് ആരോപണം. തന്റെ നിയമനം ഉടൻ നടത്തണമെന്നു അഭ്യർത്ഥിച്ചു നിനിതാ കണിച്ചേരി തുടർന്നു വൈസ് ചാൻസലർക്ക് നൽകിയ ഇമെയിൽ സന്ദേശവും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്.

 ഇതിനിടയിൽ നിയമനം സംബന്ധിച്ച അട്ടിമറി സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണർ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു റാങ്കുലിസ്റ്റിൽ ഉയർന്ന സ്ഥാനങ്ങളിൽ പേരുള്ള രണ്ടു ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകിയിട്ടുണ്ട്. സേവ് എഡ്യൂകേഷൻ ഫോറം ഭാരവാഹികളും വിഷയത്തിൽ ഇടപെടണമെന്ന് ഗവർണറോട്  അഭ്യർത്ഥിച്ചിട്ടുണ്ട്. 

അതേസമയം വിഷയത്തിൽ എം ബി  രാജേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാദം അസംബന്ധമാണെന്ന് ഡിഐഎഫ്ഐ സംസ്ഥാന നേതൃത്വം പ്രസ്താവന ഇറക്കിയിട്ടുണ്ട്. എന്നാൽ ഡിവൈഎഫ്ഐ  നേതാക്കളുടെ ഭാര്യമാരും സിപിഎം ഉന്നതരുടെ ബന്ധുക്കളും അടക്കം നിരവധിപേർ ക്രമരഹിതമായി ഇങ്ങനെ നിയമനം നേടിയിട്ടുണ്ടെന്നു അതിന്റെ ഒരു പട്ടിക പുറത്തുവിട്ടുകൊണ്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇത്തരം നീക്കങ്ങളെ നിയമപരമായും   രാഷ്ട്രീയമായും ചെറുക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. 

SHARE

Leave a Reply