കരിപ്പൂരിലേത് മുൻകൂട്ടി പ്രവചിക്കപ്പെട്ട ദുരന്തം

കോഴിക്കോട് :വെള്ളിയാഴ്ച വൈകിട്ട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ  അപകടം മുൻകൂട്ടി പ്രവചിക്കപ്പെട്ട ഒരു ദുരന്തമാണ്. മുപ്പത്തിരണ്ടു വർഷം മുമ്പ് 1988 ഏപ്രിൽ പതിമൂന്നിന് വിമാനത്താവളം ഉത്ഘാടനം ചെയ്ത അവസരം മുതൽ  കുന്നിൻ പ്രദേശത്തെ താവളത്തിന്റെ സുരക്ഷാ പ്രശ്നങ്ങൾ മാധ്യമങ്ങളിലും അധികൃത വൃത്തങ്ങളിലും ചർച്ച ചെയ്യപ്പെട്ടിരുന്നു.

എഴുപതുകളുടെ അവസാനത്തിൽ മലബാറിൽ നിന്ന് ഗൾഫിലേക്ക് ഒഴുക്ക് തുടങ്ങിയ സന്ദർഭത്തിലാണ് കോഴിക്കോട് വിമാനത്താവളം സംബന്ധിച്ച ആവശ്യം ഉയർന്നത്. മലബാർ ചേംബർ ഓഫ് കൊമേഴ്‌ സിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച വിമാനത്താവള സമിതിയുടെ നേതൃത്വം വഹിച്ചത് സ്വാതന്ത്ര്യസമര നേതാവും മാതൃഭൂമി പത്രാധിപരുമായ കെ പി കേശവമേനോൻ ആയിരുന്നു. പൊതുവിൽ മലബാർ സാമൂഹത്തിന്റ പൂർണ പിന്തുണ പ്രക്ഷോഭത്തിന് ലഭിക്കുകയും ചെയ്തു.

എന്നാൽ വിമാനത്താവളത്തിന് സ്ഥലം കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതോടെ പ്രശ്നങ്ങളും ആരംഭിച്ചു. പ്രവാസികൾ അധികവും മലപ്പുറം ജില്ലയിലെ ഭാഗങ്ങളിൽ നിന്നായതിനാൽ അവിടെ വേണം വിമാനത്താവളം എന്ന ആവശ്യമാണ് ഉയർന്നത്. അന്ന് വളരെ ചെറിയ വിമാനങ്ങളാണ് സർവീസ് നടത്തിയത്. അതിനാൽ കൊണ്ടോട്ടി പ്രദേശത്തെ മൊട്ടക്കുന്ന് വിമാനത്താവളത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. ടേബിൾ ടോപ് വിമാനത്താവളങ്ങൾ ഭാവിയിൽ റൺവേ വികസനത്തിന് അപര്യാപ്തമാവും എന്ന് പലരും ചൂണ്ടിക്കാട്ടി. പക്ഷെ അന്നത്തെ ചെറിയ ആവശ്യങ്ങൾക്ക് അതുമതി എന്ന വാദത്തിനാണ് മേൽകൈ ലഭിച്ചത്.

എന്നാൽ ഏതാനും വർഷത്തിനിടയിൽ തന്നെ അപര്യാപ്തതകൾ തല പൊക്കി. അന്താരാഷ്ട്ര വിമാനത്താവള പദവി ലഭിക്കാതെ വിദേശത്തു നിന്ന് നേരിട്ടു വിമാനങ്ങൾക്ക് വന്നിറങ്ങാനാവില്ല. അതിനാൽ ഗൾഫ് യാത്രക്കാർ വന്നത് മുംബൈ വഴിയാണ്. കടുത്ത പ്രയാസങ്ങളും വലിയ പണച്ചെലവുമാണ് യാത്രക്കാർ നേരിട്ടത്. അതോടെ റൺവേ നീളം 6000 അടിയിൽ നിന്ന് 9000 അടി ആക്കണമെന്നും അന്താരാഷ്ട്ര പദവി വേണമെന്നും മുറവിളി ഉയർന്നു. അന്നു കേന്ദ്രം ഭരിച്ച ദേവഗൗഡ മന്ത്രിസഭയിലെ വ്യോമയാന മന്ത്രി സി എം ഇബ്രാഹിമിന്റെ മലബാർ ബന്ധങ്ങൾ കാരണം അതിനു അധികൃത വൃത്തങ്ങളിൽ പിന്തുണയും കിട്ടി.

ആവശ്യം ന്യായം, പക്ഷേ ചെലവാക്കാൻ പണമില്ല എന്നാണ് വ്യോമയാന മന്ത്രാലയം പറഞ്ഞത്. പണം ഗൾഫിൽ നിന്ന് പിരിക്കാം എന്ന അഭിപ്രായം ഉയർന്നു. അങ്ങനെ 195-96 കാലത്തു കോഴിക്കോട് കളക്ടർ അമിതാഭ് കാന്തിന്റെ ഉത്സാഹത്തിൽ മലബാർ അന്താരാഷ്ര വിമാനത്താവള വികസന സമിതി (മി യാഡ്സ്) രൂപം കൊണ്ടു. പ്രാദേശികമായി മഡാക് എന്ന പേരിൽ ഒരു കർമസമിതിയും വന്നു. മലബാറിലെയും ഗൾഫിലെയും ധനികരും പൗരപ്രമുഖരും  രാഷ്ട്രീയ നേതാക്കളും ഉയർന്ന ഉദ്യോഗസ്ഥരും അതിൽ അണിനിരന്നു. പ്രമുഖ മാധ്യമങ്ങളും ഈ വികസനപ്പാച്ചിലിൽ പങ്കാളികളായി. പ്രമാണിമാർ ഗൾഫിലേക്കും തിരിച്ചും പറന്നു. കച്ചവടക്കാരും കള്ളക്കടത്തുകാരും ഉദ്യോഗസ്ഥരും പൗരപ്രമുഖരും ഒത്തൊരുമിച്ചു പ്രവർത്തിച്ചു.

ഗൾഫിൽ നിന്ന് വാഗ്ദാനങ്ങൾ മഴവെള്ളം പോലെ ഒഴുകിയെത്തി. പക്ഷേ അതു കാശായി ബാങ്കിൽ എത്തിയില്ല. അവസാനം തുണയായത് ഹുഡ്‌കോ എന്ന സർക്കാർ സ്ഥാപനമാണ്. അതിന്റെ എം ഡി സുരേഷിന്റെ സഹായത്തോടെ അമിതാഭ് കാന്ത് റൺവേ വികസനം സാധ്യമാക്കി. ഹുഡ്‌കോ വായ്‌പ തിരിച്ചടക്കാൻ ഓരോ യാത്രക്കാരനും യൂസർ ഫീ നൽകി. 2006ൽ കരിപ്പൂരിനു അന്താരാഷ്ട്ര പദവി കിട്ടി. വിദേശ കമ്പനികൾക്ക് പ്രവർത്തിക്കാൻ അനുമതിയായി.  പക്ഷേ അതുകൊണ്ടു കാര്യമായ നേട്ടമൊന്നും കരിപ്പൂരിന് കിട്ടിയില്ല. കാരണം അതിനകം യാത്രാവിമാനങ്ങളുടെ ഘടനയിലും വലിപ്പത്തിലും മാറ്റങ്ങൾ വന്നു. ജംബോ വിമാനങ്ങൾ രംഗം കീഴടക്കി. ആദ്യം നെടുമ്പാശ്ശേരിയിലും പിന്നീട് കണ്ണൂരും   വിമാനത്താവളം  പ്രവർത്തനം തുടങ്ങി. മെച്ചപ്പെട്ട സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമുള്ള പുതുതലമുറ വിമാനത്താവളങ്ങൾ കരിപ്പൂരിനെ പിന്തള്ളി. മലബാർ യാത്രക്കാർ പോലും കുറേക്കാലമായി നെടു മ്പാശ്ശേരിയെയാണ്  പ്രധാനമായി ആശ്രയിക്കുന്നത്. വിദേശ വിമാനക്കമ്പനികൾക്കും നെടുമ്പാശ്ശേരിയോടാണ് താല്പര്യം.

അതിനു കാരണം സുരക്ഷ സംബന്ധിച്ച ഭീതി തന്നെ. പത്തുവർഷം മുമ്പ് മംഗലാപുരത്തു വിമാനം റൺവേ വിട്ടു പുറത്തേക്കു പോയി അപകടം ഉണ്ടായപ്പോൾ സമാനമായ മറ്റു കുന്നിൻപുറ വിമാനത്താവളങ്ങളും ഇതേ സുരക്ഷാപ്രശ്നങ്ങൾ നേരിടുന്നതാണ് എന്ന് ഡി ജി സി എ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഏറ്റവും അവസാനമായി ഇത്തരമൊരു റിപ്പോർട്ട് സിവിൽ ഏവിയേഷൻ അധികൃതർക്ക് കിട്ടിയത് 2011ലാണ്. റൺവേയുടെ പരിധി കഴിഞ്ഞു വേണ്ട സ്ഥലത്തിന്റെ അപര്യാപ്തത, റൺവേക്കു ഇരുവശങ്ങളിലും ആവശ്യമായ സ്ഥലത്തിന്റെ കുറവ് തുടങ്ങിയ പ്രശ്നങ്ങൾ റിപ്പോർട്ടിലുണ്ട്. അതിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കാൻ നീക്കം നടന്നെങ്കിലും പ്രാദേശികമായ എതിർപ്പുകൾ കാരണം അതൊന്നും എവിടെയും എത്തിയില്ല. ഇനി വിമാനകമ്പനികൾ മാത്രമല്ല, യാത്രക്കാരും കരിപ്പൂരിനെ ഉപേക്ഷിക്കാനാണ് സാധ്യത കാണുന്നത്. ഭാവിയെ സംബന്ധിച്ച കൃത്യമായ ഒരു വികസന രൂപരേഖയില്ലാതെ നടത്തിയ പ്രവർത്തനങ്ങളാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ പ്രധാന ദുരന്തം. സ്ഥാപിത താൽപര്യങ്ങളും സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും വികസനത്തിന്റെ പേരിൽ സ്ഥാപിച്ചെടുത്ത ചങ്ങാത്ത മുതലാളിത്ത കൂട്ടുകെട്ടിന്റെ കേരളത്തിലെ ആദ്യമാതൃക  രൂപം കൊണ്ടതും വികസിച്ചതും ഈ വിമാനത്താവളത്തിന്റെ മറപറ്റിയാണ്. അന്ന് കരുണാകര ഭരണത്തിൽ ബീജാവാപം ചെയ്ത ഇൗ നവലിബറൽ വികസന സംവിധാനം ഇന്ന് കേരളത്തെ ആകെ ചൂഴ്ന്നു നിൽക്കുന്ന ഒരു മഹാവടവൃക്ഷമായി സമൂഹ തലത്തിൽ  വ്യാപ്തി നേടുകയും ചെയ്തു കഴിഞ്ഞു. 

Leave a Reply